Skip to content

തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്സ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഫിഫ്റ്റി നേടിയത് അയർലൻഡിനെതിരായ തൊട്ടടുത്ത മത്സരത്തിലും ഫിഫ്റ്റി നേടിയിരിക്കുകയാണ്. താരത്തിൻ്റെ മികവിൽ മത്സരത്തിൽ സൗത്താഫ്രിക്ക 21 റൺസിന് വിജയിക്കുകയും ചെയ്തു.

( Picture Source : Twitter)

53 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 74 റൺസ് നേടിയാണ് താരം പുറത്തായത്. അന്താരാഷ്ട്ര ടി20 യിലെ താരത്തിൻ്റെ തുടർച്ചയായ നാലാം ഫിഫ്റ്റിയാണിത്. ഇതിനുമുൻപ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ആദ്യ മത്സരത്തിൽ 57 റൺസും രണ്ടാം മത്സരത്തിൽ 53 റൺസും അവസാന മത്സരത്തിൽ 70 റൺസും താരം നേടിയിരുന്നു.

ഐസിസി ഫുൾ മെമ്പർ രാജ്യങ്ങളിൽ അന്താരാഷ്ട്ര ടി20 യിൽ തുടർച്ചയായി നാല് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ താരമാണ് ഹെൻഡ്രിക്സ്. ന്യൂസിലൻഡ് ഇതിഹാസം ബ്രണ്ടൻ മക്കല്ലവും വിൻഡീസിൻ്റെ ക്രിസ് ഗെയ്ലുമാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഐസിസി ഫുൾ മെമ്പർ രാജ്യങ്ങളിൽ തുടർച്ചയായി നാല് ഫിഫ്റ്റി നേടിയിട്ടുള്ളത്.

( Picture Source : Twitter)

മൂവരെയും കൂടാതെ ഐസിസി അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് താരങ്ങളും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. നമീബിയയുടെ ക്രെയ്ഗ് വില്യംസ്, കാനഡയുടെ റയാൻഖാൻ പത്താൻ, ഫ്രാൻസിൻ്റെ ഗുസ്താവ് മക്കിയോൺ എന്നിവരാണ് അന്താരാഷ്ട്ര ടി20 യിൽ തുടർച്ചയായി നാല് ഫിഫ്റ്റി നേടിയിട്ടുള്ള മറ്റു താരങ്ങൾ.

മത്സരത്തിലേക്ക് വരുമ്പോൾ അയർലൻഡിനെതിരെ 21 റൺസിനാണ് സൗത്താഫ്രിക്ക വിജയിച്ചത്. സൗത്താഫ്രിക്ക ഉയർത്തിയ 212 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 38 പന്തിൽ 78 റൺസ് നേടിയ വിക്കറ്റ് കീപ്പർ ലോർകൻ ടക്കറും 28 പന്തിൽ 43 റൺസ് നേടിയ ജോർജ് ഡോക്റെല്ലും തിളങ്ങിയെങ്കിലും സൗത്താഫ്രിക്കൻ സ്കോർ മറികടക്കുവാൻ സാധിച്ചില്ല.

( Picture Source : Twitter)