Skip to content

അവസാന ഓവറിൽ ആവേശവിജയം കുറിച്ച് വെസ്റ്റിൻഡീസ്, പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 139 റൺസിൻ്റെ വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ വെസ്റ്റിൻഡീസ് മറികടന്നു. വിക്കറ്റ് കീപ്പർ ഡിവൻ തോമസാണ് അവസാന ഓവറുകളിൽ സമ്മർദ്ദത്തിലായ വിൻഡീസിന് വിജയം സമ്മാനിച്ചത്.

( Picture Source: Twitter )

139 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് വേണ്ടി 52 പന്തിൽ 68 റൺസ് നേടി ഓപ്പണർ ബ്രാൻഡൻ കിങും 19 പന്തിൽ പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ ഡെവൻ തോമസുമാണ് തിളങ്ങിയത്.

അവസാന രണ്ടോവറിൽ 16 റൺസ് മാത്രം വേണമെന്നിരിക്കെ 19 ആം ഓവർ എറിഞ്ഞ അർഷ്ദീപ് സിങ് 6 റൺസ് മാത്രം വഴങ്ങി റോവ്മാൻ പോവലിനെ പുറത്താക്കി ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകി. അവസാന ഓവറിൽ 10 റൺസ് വേണമെന്നിരിക്കെ ഭുവനേശ്വർ കുമാറിന് ഓവർ ഉണ്ടായിരുന്നിട്ടും ആവേശ് ഖാന് ഇന്ത്യ ഓവർ നൽകുകയും താരം എറിഞ്ഞ ആദ്യ പന്ത് തന്നെ നോ ബോൾ ആവുകയും തുടർന്ന് ലഭിച്ച ഫ്രീ ഹിറ്റിൽ സിക്സും അടുത്ത പന്തിൽ ഫോറും പായിച്ചുകൊണ്ട് ഡെവൻ തോമസ് വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിച്ചു.

( Picture Source: Twitter )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ നാലോവറിൽ 17 റൺസ് വഴങ്ങി 6 വിക്കറ്റ് നേടിയ ഒബെഡ് മക്കോയാണ് ചുരുക്കികെട്ടിയത്. ജേസൺ ഹോൾഡർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അൽസാരി ജോസഫ്, അകീൽ ഹോസൈൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source: Twitter )

31 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, 27 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. റിഷഭ് പന്ത് 12 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ നേരിട്ട ആദ്യ പന്തിലും സൂര്യകുമാർ യാദവ് 11 റൺസും ശ്രേയസ് അയ്യർ 10 റൺസും നേടി പുറത്തായി. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ദിനേശ് കാർത്തിക് 7 റൺ നേടി പുറത്തായി.

മത്സരത്തിലെ വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി. നാളെയാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

( Picture Source: Twitter )