ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം പുറത്തെടുത്ത് വെസ്റ്റിൻഡീസ് പേസർ ഒബെഡ് മക്കോയ്. മത്സരത്തിൽ 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്കെതിരെ മറ്റൊരു ബൗളർക്കും നേടാൻ സാധിക്കാത്ത റെക്കോർഡ് താരം സ്വന്തമാക്കി.

( Picture Source : Twitter )

നാലോവറിൽ വെറും 17 റൺസ് വഴങ്ങിയാണ് ഒബെഡ് മക്കോയ് 6 വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിൻ്റെ മികവിൽ 19.4 ഓവറിൽ ഇന്ത്യയെ 138 റൺസിൽ വിൻഡീസ് ചുരുക്കികെട്ടി. ക്യാപ്റ്റൻ രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാർത്തിക്, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ എന്നിവരെയാണ് താരം പുറത്താക്കിയത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്കെതിരെ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന റെക്കോർഡും ഒബെഡ് മക്കോയ് സ്വന്തമാക്കി.

( Picture Source : Twitter )

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച വിൻഡീസ് ബൗളറെന്ന നേട്ടവും ഒബെഡ് മക്കോയ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു വിൻഡീസ് ബൗളർ ഒരു മത്സരത്തിൽ 6 വിക്കറ്റുകൾ നേടുന്നത്.

31 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ, 27 റൺസ് നേടിയ രവീന്ദ്ര ജഡേജ എന്നിവർ മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ക്യാപ്റ്റൻ രോഹിത് ശർമ്മ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായപ്പോൾ സൂര്യകുമാർ യാദവ് 11 റൺസും ശ്രേയസ് അയ്യർ 10 റൺസും നേടി പുറത്തായി.

റിഷഭ് പന്ത് 12 പന്തിൽ 24 റൺസ് നേടി പുറത്തായി. 2019 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ടി20 ക്രിക്കറ്റിൽ ഓൾ ഔട്ടാകുന്നത്. വെസ്റ്റിൻഡീസിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ കൂടിയാണിത്.

( Picture Source : Twitter )