ബംഗ്ലാദേശിനെതിരെ ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ ബാറ്റ്സ്മാൻ റയാൻ ബേൾ. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം താരം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.

നസുൻ അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറിലാണ് അഞ്ച് സിക്സും ഒരു ഫോറും ഉൾപ്പടെ 34 റൺസ് താരം അടിച്ചുകൂട്ടിയത്. ഓവറിലെ ആദ്യ നാല് പന്തിൽ താരം സിക്സ് പായിച്ചപ്പോൾ അഞ്ചാം പന്ത് നേരിയ വ്യത്യാസത്തിൽ ഫോറായി മാറുകയായിരുന്നു. തൊട്ടടുത്ത പന്തിൽ താരം സിക്സ് പറത്തികൊണ്ട് ഓവർ ഫിനിഷ് ചെയ്യുകയും ചെയ്തു.
ഒരോവറിൽ 6 സിക്സെന്ന നേട്ടം കൈവരിക്കാൻ സാധിച്ചില്ലയെങ്കിലും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് താരം സ്വന്തമാക്കി. സ്റ്റുവർട്ട് ബ്രോഡിനെതിരെ ഒരോവറിൽ 6 സിക്സ് നേടിയ മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങും അകില ധനഞ്ജയക്കെതിരെ ഒരോവറിൽ 6 സിക്സ് പറത്തിയ മുൻ വെസ്റ്റിൻഡീസ് താരം കീറോൺ പൊള്ളാർഡുമാണ് ഒന്നാം സ്ഥാനത്തുള്ളത്.

മത്സരത്തിൽ 28 പന്തിൽ 2 ഫോറും 6 സിക്സുമടക്കം 54 റൺസ് നേടിയാണ് റയാൻ ബേൾ പുറത്തായത്. ബേളിനൊപ്പം 20 പന്തിൽ 35 റൺസ് നേടിയ ജോങ്വെയുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 156 റൺസ് സിംബാബ്‌വെ നേടി. ഒരു ഘട്ടത്തിൽ 67 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഇരുവരുടെയും മികവിൽ സിംബാബ്‌വെ ശക്തമായി തിരിച്ചെത്തിയത്.
