പാകിസ്ഥാനെതിരായ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടിയ താരത്തിൻ്റെ മികവിൽ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ വിരാട് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും ഒപ്പമെത്തിയിരിക്കുകയാണ് സ്മൃതി മന്ദാന.

( Picture Source: Twitter )

ഇന്ത്യ 8 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 42 പന്തിൽ 8 ഫോറും 3 സിക്സ്മടക്കം പുറത്താകാതെ 63 റൺസ് സ്മൃതി മന്ദാന നേടിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചേസിങിൽ ആയിരം റൺസ് താരം പൂർത്തിയാക്കി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചേസിങിൽ ആയിരം റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്ററാണ് സ്മൃതി മന്ദാന.

വിരാട് കോഹ്ലിയും രോഹിത് ശർമ്മയുമാണ് ഇതിനുമുൻപ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ചേസിങിൽ ടീമിന് വേണ്ടി 1000 റൺസ് നേടിയിട്ടുള്ളത്. വനിത താരങ്ങളിൽ മറ്റൊരു ഇന്ത്യൻ താരത്തിനും ഈ റെക്കോർഡ് സ്വന്തമാക്കുവാൻ സാധിച്ചിട്ടില്ല.

( Picture Source: Twitter )

കൂടാതെ മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഓപ്പണറായി 2000 റൺസ് സ്മൃതി മന്ദാന പൂർത്തിയാക്കി. രോഹിത് ശർമ്മയ്ക്ക് ശേഷം ഓപ്പണറായി അന്താരാഷ്ട്ര ടി20 യിൽ 2000 റൺസ് നേടുന്ന ഇന്ത്യൻ ബാറ്ററാണ് സ്മൃതി മന്ദാന.

മത്സരത്തിൽ പാകിസ്ഥാനെതിരെ വിജയിച്ചുവെങ്കിലും അടുത്ത മത്സരത്തിൽ ബാർബഡോസിനെ പരാജയപെടുത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് സെമിഫൈനൽ യോഗ്യത നേടുവാൻ സാധിക്കൂ. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഓസ്ട്രേലിയ ഇതിനോടകം യോഗ്യത നേടി കഴിഞ്ഞു. ഓസ്ട്രേലിയ യോഗ്യത നേടിയതോടെ പാകിസ്ഥാൻ സെമിഫൈനൽ കാണാതെ പുറത്തായി.

( Picture Source: Twitter )