Skip to content

മോർഗന് ശേഷം ഇതാദ്യം, സ്കോട്ലൻഡിനെതിരായ സെഞ്ചുറിയോടെ അപൂർവ്വനേട്ടം കുറിച്ച് ന്യൂസിലൻഡ് താരം മാർക്ക് ചാപ്മാൻ

സ്കോട്ലൻഡിനെതിരായ ഏകദിന മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ന്യൂസിലൻഡ് ബാറ്റ്സ്മാൻ മാർക്ക് ചാപ്മാൻ. മത്സരത്തിൽ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ന്യൂസിലൻഡ് സ്വന്തമാക്കി. മത്സരത്തിലെ ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൻ്റെ അപൂർവ്വറെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് ഈ ന്യൂസിലൻഡ് താരം.

( Picture Source: Twitter )

ന്യൂസിലൻഡ് 7 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 75 പന്തിൽ 6 ഫോറും 7 സിക്സുമടക്കം പുറത്താകാതെ 101 റൺസ് താരം നേടിയിരുന്നു. മാർക്ക് ചാപ്മാൻ്റെ ഈ സെഞ്ചുറി മികവിൽ സ്കോട്ലൻഡ് ഉയർത്തിയ 307 റൺസിൻ്റെ വിജയലക്ഷ്യം 45.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ചാപ്മാനൊപ്പം 62 പന്തിൽ പുറത്താകാതെ 74 റൺസ് നേടിയ ഡാരൽ മിച്ചലും ന്യൂസിലൻഡിന് വേണ്ടി മികവ് പുലർത്തി.

മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന അപൂർവ്വ റെക്കോർഡ് മാർക്ക് ചാപ്മാൻ സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഹോങ്കോങിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം തൻ്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു.

( Picture Source: Twitter )

2015 ൽ യു എ ഇയ്ക്കെതിരായ മത്സരത്തിലാണ് താരം സെഞ്ചുറി നേടിയിരുന്നത്. മത്സരത്തിൽ 116 പന്തിൽ പുറത്താകാതെ 124 റൺസ് താരം നേടിയിരുന്നു. മത്സരത്തിൽ ഹോങ്കോങ് 89 റൺസിന് വിജയിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിന് വേണ്ടിയും അയർലൻഡ് വേണ്ടിയും സെഞ്ചുറി നേടിയിട്ടുള്ള എഡ് ജോയ്സും അയർലൻഡിന് വേണ്ടിയും പിന്നീട് ഇംഗ്ലണ്ടിന് വേണ്ടിയും സെഞ്ചുറി നേടിയിട്ടുള്ള മുൻ ഇംഗ്ലണ്ട് നായകൻ കൂടിയായ ഓയിൻ മോർഗനും മാത്രമാണ് ഇതിനുമുൻപ് ഏകദിന ക്രിക്കറ്റിൽ രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി നേടിയിട്ടുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 55 പന്തിൽ 85 റൺസ് നേടിയ മൈക്കൽ ലീസ്കിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. വിക്കറ്റ് കീപ്പർ മാത്യൂ ക്രോസ് 53 റൺസ് നേടി. മത്സരത്തോടെ ന്യൂസിലൻഡിൻ്റെ സ്കോട്ലൻഡ് പര്യടനം അവസാനിച്ചു.

( Picture Source: Twitter )