അതെൻ്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്, ആദ്യ ഐ പി എൽ സീസണിൽ സച്ചിൻ്റെ വിക്കറ്റ് നേടിയതിനെ കുറിച്ച് സുനിൽ നരെയ്ൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ അരങ്ങേറ്റ സീസണിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റ് നേടിയത് തൻ്റെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണെന്ന് വിൻഡീസ് താരം സുനിൽ നരെയ്ൻ. 2012 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ താരമായി ഐ പി എല്ലിൽ അരങ്ങേറ്റം കുറിച്ച സുനിൽ നരെയ്ൻ ആ സീസണിൽ 26 വിക്കറ്റുകൾ നേടി പ്ലേയർ ഓഫ് ദി ടൂർണമെൻ്റ് അവാർഡ് നേടിയിരുന്നു.

ആ സീസണിൽ താൻ നേടിയ 26 വിക്കറ്റുകളിൽ ഒന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കടേതായിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ ആ മത്സരത്തിൽ 15 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് യുവതാരമായിരുന്ന സുനിൽ നരെയ്ൻ വീഴ്ത്തിയിരുന്നു. 27 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്ന സച്ചിനെ മികച്ച പന്തിലൂടെ സുനിൽ നരെയ്ൻ ബൗൾഡാക്കുകയായിരുന്നു. മത്സരത്തിൽ 141 chesy ചെയ്യുവാൻ ഇറങ്ങിയ മുംബൈ ഇന്ത്യൻസ് വെറും 108 റൺസിന് പുറത്താവുകയും ചെയ്തു.

” അതെന്നെ സംബന്ധിച്ച് സ്വപ്ന സാക്ഷാത്കാരമായിരുന്നു. ക്രിക്കറ്റിൽ നിങ്ങൾക്ക് തെറ്റൊന്നും തന്നെ സംഭവിക്കാത്ത സമയങ്ങളുണ്ട്. ആ ടൂർണമെൻ്റ് അത്തരം സമയങ്ങളിൽ ഒന്നായിരുന്നു. ”

” ഞാൻ കളിച്ച അഞ്ചാം മത്സരത്തിൽ തന്നെ എനിക്ക് അഞ്ച് വിക്കറ്റ് ലഭിച്ചു. ആദം ഗിൽക്രിസ്റ്റിനെ ഞാൻ പുറത്താക്കി. പിന്നീട് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റും ഞാൻ സ്വന്തമാക്കി. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. ഒരു യുവ ക്രിക്കറ്റർ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ വിക്കറ്റ് നേടുവാൻ സാധിച്ചത് വലിയ നേട്ടമാണ്. ” സുനിൽ നരെയ്ൻ പറഞ്ഞു.