തകർപ്പൻ തിരിച്ചുവരവ്, രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ തകർത്ത് ശ്രീലങ്ക, ടെസ്റ്റ് പരമ്പര സമനിലയിൽ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് 246 റൺസിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ 508 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് 261 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. വിജയത്തോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സമനിലയിൽ കലാശിച്ചു.

( Picture Source : Twitter )

146 പന്തിൽ 81 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസം മാത്രമാണ് പാകിസ്ഥാൻ നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തത്. മൊഹമ്മദ് റിസ്വാൻ 37 റൺസ് നേടി പുറത്തായി. ശ്രീലങ്കയ്ക്ക് പ്രഭാത് ജയസൂര്യ 117 റൺസ് വഴങ്ങി അഞ്ച് വിക്കറ്റും രമേശ് മെൻഡിസ് 101 റൺസ് വഴങ്ങി നാല് വിക്കറ്റും നേടി.

( Picture Source : Twitter )

നേരത്തെ ആദ്യ ഇന്നിങ്സിൽ 147 റൺസിൻ്റെ ലീഡ് നേടിയ ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 360 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. 109 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയാണ് ശ്രീലങ്കയെ മികച്ച സ്കോറിൽ എത്തിച്ചത്. ക്യാപ്റ്റൻ കരുണരത്നെ 61 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിങ്സിൽ 80 റൺസ് നേടിയ ദിനേശ് ചാന്ദിമലിൻ്റെ മികവിലാണ് 378 റൺസ് ശ്രീലങ്ക നേടിയത്. മറുപടി ബാറ്റിങിൽ 231 റൺസ് നേടാൻ മാത്രമേ പാകിസ്ഥാന് സാധിച്ചുള്ളൂ.

മത്സരത്തിൽ ശ്രീലങ്ക വിജയിച്ചതോടെ പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു. ആദ്യ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു പാകിസ്ഥാൻ ശ്രീലങ്കയെ പരാജയപെടുത്തിയത്.

ദനഞ്ജയ ഡി സിൽവയാണ് പ്ലേയർ ഓഫ് ദി മാച്ച്. പരമ്പരയിൽ 17 വിക്കറ്റുകൾ നേടിയ പ്രഭാത് ജയസൂര്യയാണ് പ്ലേയർ ഓഫ് ദി സിരീസ്.

( Picture Source : Twitter )