Skip to content

ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഏകദിന ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ധവാന് കീഴിൽ ഇന്ത്യ സമ്പൂർണ വിജയം നേടിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കിയത്.

( Picture Source : Twitter )

മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 119 റൺസിനാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ പരാജയപെടുത്തിയത്. മത്സരത്തിലെ ഈ വിജയത്തോടെ ഏകദിന 3-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഏകദിന പരമ്പരയിൽ വെസ്റ്റിൻഡീസിനെ അവരുടെ നാട്ടിൽ വൈറ്റ് വാഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് ധവാൻ സ്വന്തമാക്കി.

( Picture Source : Twitter )

1983 മുതൽ കരീബിയൻ മണ്ണിൽ ഇരുടീമുകൾ തമ്മിലുള്ള ഏകദിന പരമ്പരകൾ ആരംഭിച്ചുവെങ്കിലും ഒരിക്കൽ പോലും അവരുടെ നാട്ടിൽ വൈറ്റ്വാഷ് ചെയ്യുവാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല.

ഏകദിനത്തിൽ എതിർടീമുകളുടെ ഹോമിൽ ഇന്ത്യ വൈറ്റ്വാഷ് ചെയ്യുന്ന മൂന്നാമത്തെ ടീം കൂടിയാണ് വെസ്റ്റിൻഡീസ്. ഇതിനുമുൻപ് സിംബാബ്വെ, ശ്രീലങ്ക എന്നീ ടീമുകൾക്കെതിരെയാണ് സമ്പൂർണ വിജയം ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, എം എസ് ധോണി എന്നിവർ ക്യാപ്റ്റനായിയിട്ടുള്ള പരമ്പരകളിലാണ് ഇന്ത്യ സിംബാബ്വെയ്ക്കെതിരെ വൈറ്റ് വാഷ് വിജയം നേടിയത്. 2017 ൽ കോഹ്ലി ക്യാപ്റ്റനായിരിക്കെയാണ് ശ്രീലങ്കയെ ഇന്ത്യ വൈറ്റ്വാഷ് ചെയ്തത്.

മത്സരത്തിൽ 98 പന്തിൽ പുറത്താകാതെ 98 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് പ്ലേയർ ഓഫ് ദി മാച്ച് അവാർഡും പ്ലേയർ ഓഫ് ദി സിരീസ് അവാർഡും നേടിയത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ഫിഫ്റ്റിയടക്കം 102.50 ശരാശരിയിൽ 205 റൺസ് ഗിൽ നേടി.

( Picture Source : Twitter )