Skip to content

വിജയശില്പിയായി റൂസ്സോ, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി സൗത്താഫ്രിക്ക. കാർഡിഫിൽ നടന്ന മത്സരത്തിൽ 58 റൺസിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 208 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 16.4 ഓവറിൽ 149 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

( Picture Source : Twitter )

208 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് നിരയിൽ ആർക്കും തന്നെ ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. ബട്ട്ലർ 14 പന്തിൽ 29 റൺസ് നേടി പുറത്തായപ്പോൾ മോയിൻ അലി 17 പന്തിൽ 28 റൺസും ജോണി ബെയർസ്റ്റോ 30 റൺസും നേടി പുറത്തായി. സൗത്താഫ്രിക്കയ്ക്ക് വേണ്ടി പെഹ്ലുക്വായോ, ഷംസി എന്നിവർ മൂന്ന് വിക്കറ്റ് വീതവും ലുങ്കി എങ്കീഡി 2 വിക്കറ്റും റബാഡ കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 55 പന്തിൽ 10 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 96 റൺസ് നേടിയ റൈലീ റൂസോയുടെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. റീസ ഹെൻഡ്രിക്സ് 32 പന്തിൽ 3 ഫോറും 2 സിക്സുമടക്കം 53 റൺസ് നേടി വീണ്ടും മികവ് പുലർത്തി. നീണ്ട 6 വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 4 റൺസ് നേടി പുറത്തായെങ്കിലും തൊട്ടടുത്ത മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് പ്ലേയർ ഓഫ് ദി മാച്ച് അവാർഡും റൂസോ സ്വന്തമാക്കി.

മത്സരത്തിൽ സൗത്താഫ്രിക്ക വിജയിച്ചതോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ജൂലൈ 31 ന് സൗത്താപ്ടണിലാണ് പരമ്പരയിലെ അവസാന മത്സരം.

( Picture Source : Twitter )