ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ

അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ന്യൂസിലൻഡ് ഒപ്പണർ മാർട്ടിൻ ഗപ്റ്റിൽ. സ്കോട്ലൻഡിനെതിരായ ടി20 പരമ്പരയിലെ മത്സരത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഗപ്റ്റിൽ പിന്നിലാക്കിയത്.

( Picture Source : Twitter )

ന്യൂസിലൻഡ് 68 റൺസിന് വിജയിച്ച മത്സരത്തിൽ 31 പന്തിൽ 40 റൺസ് നേടിയാണ് ഗപ്റ്റിൽ പുറത്തായത്. ഇതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനായി ഗപ്റ്റിൽ മാറിയത്. ഈ മത്സരത്തിലെ പ്രകടനമടക്കം 112 ഇന്നിങ് സുകളിൽ നിന്നും 3399 റൺസ് മാർട്ടിൻ ഗപ്റ്റിൽ നേടിയിട്ടുണ്ട്. 120 ഇന്നിങ്സിൽ നിന്നും 3379 റൺസാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നേടിയിട്ടുള്ളത്.

( Picture Source : Twitter )

91 ഇന്നിങ്സിൽ നിന്നും 3308 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മാർട്ടിൻ ഗപ്റ്റിലിനും രോഹിത് ശർമ്മയ്ക്കും പുറകിലുള്ളത്.

മത്സരത്തിൽ 68 റൺസിൻ്റെ തകർപ്പൻ വിജയമാണ് ന്യൂസിലൻഡ് നേടിയത്. ന്യൂസിലൻഡ് ഉയർത്തിയ 226 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. നാലോവറിൽ 28 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ ഇഷ് സോധിയാണ് സ്കോട്ലൻഡിനെ തകർത്തത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് സെഞ്ചുറി നേടിയ ഫിൻ അലൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 56 പന്തിൽ 8 ഫോറും 6 സിക്സുമടക്കം 101 റൺസ് നേടിയാണ് ഫിൻ അലൻ പുറത്തായത്. ബ്രണ്ടൻ മക്കല്ലം, മാർട്ടിൻ ഗപ്റ്റിൽ, കോളിൻ മൺറോ എന്നിവർക്ക് ശേഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ന്യൂസിലൻഡ് ബാറ്റ്സ്മാനാണ് ഫിൻ അലൻ.

( Picture Source : Twitter )