Skip to content

കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

ഐസിസി റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ ബാബർ വീണ്ടും മുന്നേറ്റം നടത്തിയത്.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബാബർ രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിന്നിലാക്കി ബാബർ മൂന്നാം സ്ഥാനത്തെത്തി. 874 റേറ്റിങ് പോയിൻ്റാണ് നിലവിൽ ബാബർ അസമിനുള്ളത്. 885 പോയിൻ്റോടെ ഓസ്ട്രേലിയൻ യുവതാരം മാർനസ് ലാബുഷെയ്നും 923 പോയിൻ്റ് നേടിയ ജോ റൂട്ടുമാണ് ഇനി ബാബർ അസമിന് മുൻപിലുള്ളത്.

മൂന്ന് ഫോർമാറ്റിലെ റാങ്കിങിലും ആദ്യ മൂന്നിലുള്ള ഒരേയൊരു ബാറ്റ്സ്മാൻ കൂടിയാണ് ബാബർ. ഏകദിന റാങ്കിങിലും ടി20 റാങ്കിങിലും നിലവിൽ ഒന്നാം സ്ഥാനത്താണ് ബാബർ അസമുള്ളത്.

അഞ്ചാം സ്ഥാനത്തുള്ള റിഷഭ് പന്തും ഒമ്പതാം സ്ഥാനത്തുള്ള രോഹിത് ശർമ്മയുമാണ് റാങ്കിങിൽ ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.

ബൗളർമാരുടെ റാങ്കിങിൽ പാകിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി ജസ്പ്രീത് ബുംറയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. രവിചന്ദ്രൻ അശ്വിനും പാറ്റ് കമ്മിൻസുമാണ് റാങ്കിങിൽ രണ്ടാം സ്ഥാനത്തും ഒന്നാം സ്ഥാനത്തുമുള്ളത്. ഓൾ റൗണ്ടർമാരുടെ റാങ്കിങിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജയും രവിചന്ദ്രൻ അശ്വിനുമാണ് റാങ്കിങിൽ തലപത്തുള്ളത്.