വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെറും രണ്ട് റൺസ് അകലെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് അർഹിച്ച സെഞ്ചുറി നഷ്ടമായി. മഴ വില്ലനായി എത്തിയതോടെയാണ് ഗില്ലിന് സെഞ്ചുറി പൂർത്തിയാക്കുവാൻ സാധിക്കാതെ പോയത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി മനോഹരമായാണ് ഗിൽ ബാറ്റ് ചെയ്തത്. 60 പന്തിൽ നിന്നുമാണ് ഗിൽ മത്സരത്തിൽ തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇന്ത്യൻ സ്കോർ 24 ഓവറിൽ 115/1 എന്ന നിലയിലാണ് രസംകൊല്ലിയായി മഴയെത്തിയത്. 65 പന്തിൽ 51 റൺസുമായി ഗില്ലും 2 റൺസ് നേടിയ ശ്രേയസ് അയ്യരുമാണ് ആ സമയം ക്രീസിലുണ്ടായിരുന്നത്. പിന്നീട് മഴമാറിയതോടെ 40 ഓവറാക്കി ചുരുക്കിയാണ് മത്സരം പുനരാരംഭിച്ചത്.
പിന്നീട് താൻ നേരിട്ട 33 പന്തുകളിൽ 47 റൺസാണ് ശുഭ്മാൻ ഗിൽ അടിച്ചുകൂട്ടിയത്. 36 ഓവറിൽ ഇന്ത്യൻ സ്കോർ 225/3 എന്ന നിലയിൽ നിൽക്കെ വീണ്ടും മഴയെത്തുകയും നിശ്ചിത സമയത്തിനുള്ളിൽ മഴ ശമിക്കാതിരുന്നതോടെ ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിക്കുകയും ചെയ്യേണ്ടിവന്നു. 98 പന്തിൽ പുറത്താകാതെ 7 ഫോറും 2 സിക്സുമടക്കം 98 റൺസ് ശുഭ്മാൻ ഗിൽ നേടി.

ഗില്ലിനൊപ്പം 34 പന്തിൽ 44 റൺസ് നേടിയ ശ്രേയസ് അയ്യരും 74 പന്തിൽ 58 റൺസ് നേടിയ ശിഖാർ ധവാനും ഇന്ത്യയ്ക്കായി മികവ് പുലർത്തി. 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വിജയിക്കുവാൻ 257 റൺസാണ് ആതിഥേയരായ വിൻഡീസിന് വേണ്ടത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ 53 പന്തിൽ 64 റൺസ് നേടിയ ഗിൽ രണ്ടാം മത്സരത്തിൽ 49 പന്തിൽ 43 റൺസ് നേടിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നുമായി 102.50 ശരാശരിയിൽ 205 റൺസ് ഗിൽ അടിച്ചുകൂട്ടി.
