ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം 49.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അക്ഷർ പട്ടേലിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ നേടിയത്. വിജയത്തോടെ ഏകദിന പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി.

( Picture Source : Twitter )

ഒരു ഘട്ടത്തിൽ 79 റൺസിന് മൂന്ന് വിക്കറ്റുകൾ നഷ്ടപെട്ട ഇന്ത്യയെ നാലാം വിക്കറ്റിൽ 99 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് സഞ്ജുവും ശ്രേയസ് അയ്യരുമാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യർ 71 പന്തിൽ 63 റൺസ് നേടി പുറത്തായപ്പോൾ ഏകദിന ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ സഞ്ജു സാംസൺ 51 പന്തിൽ 3 സിക്സും 3 ഫോറുമടക്കം 54 റൺസ് നേടി നിർഭാഗ്യവശാൽ റണ്ണൗട്ടാവുകയായിരുന്നു.

( Picture Source : Twitter )

ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ ദീപക് ഹൂഡ 36 പന്തിൽ 33 റൺസ് നേടി പുറത്തായപ്പോൾ സഞ്ജുവിന് ശേഷം ക്രീസിലെത്തിയ അക്ഷർ പട്ടേൽ ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. വെറും 27 പന്തുകളിൽ നിന്നും തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയ അക്ഷർ പട്ടേൽ 35 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പടെ 64 റൺസ് നേടി പുറത്താകാതെ നിന്നു. അവസാന ഓവറിലെ നാലാം പന്തിൽ സിക്സ് നേടിയാണ് അക്ഷർ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് സെഞ്ചുറി നേടിയ ഷായ് ഹോപ്പിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 135 പന്തിൽ 115 റൺസ് നേടിയ ഹോപ്പിനൊപ്പം 77 പന്തിൽ 74 റൺസ് നേടിയ ക്യാപ്റ്റൻ നിക്കോളാസ് പൂരനും വെസ്റ്റിൻഡീസിന് വേണ്ടി മികവ് പുലർത്തി.

ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ 7 ഓവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ദീപക് ഹൂഡ, അക്ഷർ പട്ടേൽ, യുസ്വെന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കി. ജൂലൈ 27 നാണ് ഏകദിന പരമ്പരയിലെ അവസാന മത്സരം.

( Picture Source : Twitter )