ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങി വിൻഡീസ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ഷായ് ഹോപ്പ്. ഏകദിന ക്രിക്കറ്റിലെ തൻ്റെ നൂറാം മത്സരത്തിൽ കളിക്കാനിറങ്ങിയ ഹോപ്പ് സെഞ്ചുറി നേടിയാണ് പുറത്തായത്. ഇതോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ വിൻഡീസ് താരം.

ഏകദിന ക്രിക്കറ്റിലെ തൻ്റെ പതിമൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ താരം നേടിയത്. 135 പന്തിൽ 8 ഫോറും 3 സിക്സുമടക്കം 115 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടുന്ന പത്താമത്തെ ബാറ്റ്സ്മാനെന്ന അപൂർവ്വനേട്ടം താരം സ്വന്തമാക്കി.
ഗോർഡോൺ ഗ്രീനിഡ്ജ്, ക്രിസ് കെയൻസ്, മൊഹമ്മദ് യൂസഫ്, കുമാർ സംഗക്കാര, ക്രിസ് ഗെയ്ൽ, മാർക്കസ് ട്രെസ്കോതിക്ക്, റാംനരേഷ് സർവാൻ, ഡേവിഡ് വാർണർ, ശിഖാർ ധവാൻ എന്നിവരാണ് ഇതിനുമുൻപ് തങ്ങളുടെ നൂറാം ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടുള്ളത്.

ഹോപ്പിൻ്റെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി. 115 റൺസ് നേടിയ ഷായ് ഹോപ്പിനൊപ്പം 77 പന്തിൽ 74 റൺസ് നേടിയ ക്യാപ്റ്റൻ നിക്കോളാസ് പൂറനാണ് വെസ്റ്റിൻഡീസിന് വേണ്ടി തിളങ്ങിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ മൂന്ന് വിക്കറ്റും ദീപക് ഹൂഡ, അക്ഷർ പട്ടേൽ, യുസ്വെന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മൂന്ന് റൺസിന് വിജയിച്ചിരുന്നു.
