Skip to content

ലോകകപ്പിന് ശേഷം അവൻ ഏകദിന ക്രിക്കറ്റിൽ കളിക്കില്ല, ഇന്ത്യൻ താരത്തിൻ്റെ ഭാവിയെ കുറിച്ച് രവി ശാസ്ത്രി

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഏകദിന ക്രിക്കറ്റിൽ കളിക്കുകയില്ലെന്ന് മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി. ഭാവിയിൽ ക്രിക്കറ്റ് താരങ്ങൾ മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് അപപൂർവ്വമായിരിക്കുമെന്നും ഇഷ്ടമുള്ള ഫോർമാറ്റുകൾ മാത്രം അവർ തിരഞ്ഞെടുക്കാൻ തുടങ്ങുമെന്നും രവി ശാസ്ത്രി പറഞ്ഞു.

” 50 ഫോർമാറ്റ് ഒരുപക്ഷേ ഇനി മുതൽ പിന്നിലായേക്കാം. പക്ഷേ ലോകകപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ അത് എല്ലായ്പോഴും നിലനിൽക്കും. ഐസിസിയുടെ വീക്ഷണത്തിൽ ഇനി അവർ ലോകകപ്പിന് പ്രാധാന്യം നൽകണം. അത് ടി20 ലോകകപ്പായാലും ഏകദിന ലോകകപ്പായാലും. അതിൽ നൽകുന്ന പണം ഐസിസി വർധിപ്പിക്കേണ്ടതുണ്ട്. ”

” ടെസ്റ്റ് ക്രിക്കറ്റ് എന്നും നിലനിൽക്കും. കാരണം ക്രിക്കറ്റിൽ അതിന് അത്രത്തോളം പ്രാധാന്യമുണ്ട്. ഇഷ്ടപെടുന്ന ഫോർമാറ്റുകൾ മാത്രം ഇഷ്ടപെടുന്ന കളിക്കാർ ഇപ്പോൾ തന്നെ ക്രിക്കറ്റിലുണ്ട്. ഹാർദിക് പാണ്ഡ്യയെ നോക്കൂ, അവൻ ഇപ്പോൾ ടി20 ക്രിക്കറ്റിൽ കളിക്കുവാനാണ് ആഗ്രഹിക്കുന്നത്. ദീർഘ ഫോർമാറ്റിൽ കളിക്കാൻ താൽപര്യമില്ലെന്ന് അവൻ്റെ മനസ്സിൽ വ്യക്തമാണ്. ” രവി ശാസ്ത്രി പറഞ്ഞു.

” അടുത്ത വർഷം ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ ഏകദിന ക്രിക്കറ്റിൽ അവൻ കളിക്കും. അതിന് ശേഷം ഒരുപക്ഷേ അവൻ ഏകദിന ക്രിക്കറ്റിൽ കളിച്ചേക്കില്ല. സമാനമായ കാര്യം മറ്റു കളിക്കാരുടെ കാര്യത്തിലും നടക്കും. അവർ അവർക്ക് ഇഷ്ടപെട്ട ഫോർമാറ്റുകൾ മാത്രം തിരഞ്ഞെടുക്കുവാൻ തുടങ്ങും, അതിനുള്ള എല്ലാ അവകാശവും അവർക്കുണ്ട്. ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.