ടെസ്റ്റ് ക്രിക്കറ്റിൽ 12 ടീമുകൾ വേണ്ട, നിർണായക നിർദ്ദേശവുമായി മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി

ടെസ്റ്റ് ക്രിക്കറ്റിൻ്റെ നിലനിൽപ്പിനായി വ്യത്യസ്തമായ നിർദ്ദേശം മുൻപോട്ട് വെച്ച് മുൻ ഇന്ത്യൻ ഹെഡ് കോച്ചും കമൻ്റേറ്ററുമായ രവി ശാസ്ത്രി. ടെസ്റ്റ് ക്രിക്കറ്റിലെ ടീമുകളുടെ എണ്ണം വെട്ടിചുരുക്കണമെന്നും ആദ്യ 6 സ്ഥാനങ്ങളിലുള്ള ടീമുകൾ തമ്മിൽ മാത്രം പരമ്പരകൾ നടത്തണമെന്നും നിർദ്ദേശിച്ച രവി ശാസ്ത്രി തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വിശദീകരിച്ചു.

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, സൗത്താഫ്രിക്ക, വെസ്റ്റിൻഡീസ്, ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കാണ് ഐസിസി ടെസ്റ്റ് പദവിയുണ്ടായിരുന്നത്, ഒടുവിൽ 2018 ൽ അയർലൻഡിനും അഫ്ഗാനിസ്ഥാനും ഐസിസി ടെസ്റ്റ് പദവി നൽകിയിരുന്നു.

” ടെസ്റ്റ് ക്രിക്കറ്റിൽ 10 ടീമുകളോ പന്ത്രണ്ട് ടീമുകളോ വേണ്ടതില്ല. മുൻപന്തിയിലുള്ള 6 ടീമുകളെ മാത്രം നിലനിർത്തൂ. ക്വാളിറ്റി നിലനിർത്തണം. ടീമുകളുടെ എണ്ണമല്ല ക്വാളിറ്റിയ്ക്കാണ് പ്രാധാന്യവും ബഹുമാനവും നൽകേണ്ടത്. കളിയുടെ ജനപ്രീതി വർധിപ്പിക്കുന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഏകദിന ക്രിക്കറ്റിലും ടി20 ക്രിക്കറ്റിലും ടീമുകളുടെ എണ്ണം വർധിപ്പിക്കുക. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുടെ എണ്ണം കുറയ്ക്കേണ്ടതുണ്ട്. ” രവി ശാസ്ത്രി പറഞ്ഞു.

12 ടീമുകൾ ഉണ്ടെങ്കിലും ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്ഥാൻ, സൗത്താഫ്രിക്ക, ന്യൂസിലൻഡ് തുടങ്ങിയ ടീമുകളുടെ ടെസ്റ്റ് മത്സരങ്ങൾക്കാണ് കൂടുതൽ കാഴ്ച്ചക്കാരുള്ളത്. ഇതിൽ ഇന്ത്യയ്ക്കൊപ്പം ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റിലൂടെ മികച്ച വരുമാനം കണ്ടെത്തുന്നത്.

” ഇന്ത്യയോ ഇംഗ്ലണ്ടോ ഓസ്ട്രേലിയ ഏത് ടീമും ആയികൊള്ളട്ടെ റെഡ് ബോൾ ക്രിക്കറ്റിൽ കളിക്കുവാൻ യോഗ്യത നേടണം. അങ്ങനെയെങ്കിൽ ഇംഗ്ലണ്ട് വെസ്റ്റിൻഡീസിലേക്ക് പോയില്ലയെന്നതോ വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിലേക്ക് വന്നില്ലയെന്നതോ ചർച്ച ചെയ്യേണ്ടിവരില്ല. ആദ്യ 6 സ്ഥാനങ്ങളിൽ ഇടം നേടിയാൽ അവർ കളിക്കും, അല്ലെങ്കിൽ കളിക്കില്ല. ”

” എന്താണ് ടെസ്റ്റ് ക്രിക്കറ്റ് ? അത് നിങ്ങളെ ടെസ്റ്റ് ചെയ്യുന്നു, അതിന് ക്വാളിറ്റി ആവശ്യമാണ്. ക്വാളിറ്റിയില്ലെങ്കിൽ പിന്നെ ആരാണ് അത് കാണുക ? എതിർടീം മികച്ചതല്ലെങ്കിൽ മൂന്ന് ദിനം കൊണ്ടോ രണ്ട് ദിനം കൊണ്ടോ മത്സരം അവസാനിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്ത രാജ്യങ്ങൾ ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും കളിക്കുമ്പോൾ ബൗളർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ മത്സരം രണ്ടോ മൂന്നോ ദിവസം കൊണ്ട് അവസാനിക്കുന്നു. അങ്ങനെയെങ്കിൽ അഞ്ച് ദിവസത്തെ പണം നൽകിയ ബ്രോഡ്കാസ്റ്റർ അസുന്തഷ്ടരാകും. കളിയുടെ നിലവാരം കുറയുന്നതിനാൽ ആരാധകരും നിരാശരാകും. ക്വാളിറ്റി പ്രധാനമാണ്. ഭാവിയിൽ ടെസ്റ്റ് ക്രിക്കറ്റ് അതിജീവിക്കണമെങ്കിൽ അത് പ്രധാനമാണ്. ” രവി ശാസ്ത്രി കൂട്ടിച്ചേർത്തു.