Skip to content

വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

തകർപ്പൻ വിജയമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. 2 വിക്കറ്റിൻ്റെ ആവേശവിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരമ്പര വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.

( Picture Source : Twitter )

മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം 2 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. അക്ഷർ പട്ടേലിൻ്റെ അവിശ്വസനീയ ബാറ്റിങ് മികവിലായിരുന്നു ആവേശവിജയം ഇന്ത്യ കുറിച്ചത്.

വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ തുടർച്ചയായ പന്ത്രണ്ടാം ഏകദിന പരമ്പര വിജയമാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ തുടർച്ചയായി ഏറ്റവും കൂടുതൽ പരമ്പര വിജയിക്കുന്ന ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. ഇതിനുമുൻപ് 2006 ൽ ബ്രയാൻ ലാറയുടെ കീഴിലാണ് ഇന്ത്യയ്ക്കെതിരെ വിൻഡീസ് ഏകദിന പരമ്പര വിജയിച്ചത്. അതിനുശേഷം 12 പരമ്പരകളിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ പന്ത്രണ്ടിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.

( Picture Source : Twitter )

1996 മുതൽ 2021 വരെ സിംബാബ്വെയ്ക്കെതിരെ തുടർച്ചയായി 11 പരമ്പരകൾ നേടിയ പാകിസ്ഥാൻ്റെ റെക്കോർഡാണ് ഇന്ത്യ തകർത്തത്.

35 പന്തിൽ 3 ഫോറും 5 സിക്സുമടക്കം പുറത്താകാതെ 64 റൺസ് നേടിയ അക്ഷർ പട്ടേലിൻ്റെ മികവിലാണ് ഇന്ത്യ വിജയിച്ചത്. ശ്രേയസ് അയ്യർ 71 പന്തിൽ 63 റൺസും സഞ്ജു സാംസൺ 51 പന്തിൽ 54 റൺസും നേടി മികവ് പുലർത്തി. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 99 റൺസാണ് മത്സരത്തിൽ ഇന്ത്യയെ തിരുചെത്തിച്ചത്. വെസ്റ്റിൻഡീസിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയകരമായ റൺ ചേസ് കൂടിയാണിത്.

( Picture Source : Twitter )