വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് ശേഷം താൻ നേരിടുന്ന വിമർശനങ്ങളിൽ വിഷമമില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മോശം പ്രകടനമാണ് ധവാൻ കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 41 റൺസ് മാത്രമാണ് ധവാന് നേടുവാൻ സാധിച്ചത്. എന്നാൽ ചില മത്സരങ്ങളിലെ പരാജയത്തിന് പുറകെ നേരിടുന്ന വിമർശനങ്ങൾ തന്നെ ബാധിക്കുകയില്ലെന്ന് വ്യക്തമാക്കിയ ധവാൻ വിമർശനങ്ങൾ തന്നെ ബാധിച്ചിരുന്നെങ്കിൽ ഇപ്പോഴിവിടെ ഉണ്ടാകുകയില്ലായിരുന്നുവെന്നും വ്യക്തമാക്കി.

” എനിക്ക് വിചിത്രമായി ഒന്നും തോന്നുന്നില്ല. 10 വർഷമായി ഞാനിത് കേൾക്കുന്നു. അവർ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചുകൊണ്ടേയിരിക്കുന്നു. ഈ വിമർശനങ്ങൾ എന്നെ ബാധിക്കുകയില്ല. മറിച്ചായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ”

” ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ടാകും. പക്ഷേ എൻ്റെ ജോലിയെ കുറിച്ചും, ഞാൻ എന്താണ് ചെയ്യേണ്ടതെന്നും എനിക്കറിയാം. ഇത്രയും വർഷമായി ഞാനിത് തുടരുന്നു. ഒന്നോ രണ്ടോ പരാജയങ്ങൾ ഉണ്ടായാൽ ഞാനതിൽ വേവലാതിപെടാറില്ല. ഞാൻ സ്വയം വിശകലനം ചെയ്യുകയും മെച്ചപെടുവാൻ ശ്രമിക്കുകയും ചെയ്യുന്നു. അതാണ് എനിക്ക് പ്രധാനപെട്ട കാര്യം. ” ധവാൻ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുൻപായി സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടമായിരുന്നു ധവാൻ കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ഫിഫ്റ്റിയടക്കം 169 റൺസ് താരം നേടിയിരുന്നു. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ രോഹിത് ശർമ്മ, റിഷഭ് പന്ത്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, വിരാട് കോഹ്ലി എന്നിവരുടെ അഭാവത്തിൽ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്.

” ഞാൻ വളരെ ആവേശത്തിലാണ്. ചെറുപ്പക്കാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുമ്പോൾ എൻ്റെ എക്സ്പീരിയൻസ് അവരുടെ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും എങ്ങനെ വളരാമെന്നതിലെ മാനസികമായ വശം. അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലായ്പ്പോഴും സമ്മർദ്ദമുണ്ട്. എന്നാൽ ആ സമ്മർദ്ദം എൻ്റെ വ്യക്തിത്വത്തെയോ കളിയുടെ ശൈലിയെയോ മാറ്റുകയില്ല. എന്നിലും എൻ്റെ ടീമിലും എനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ട്. എന്ത് വിലകൊടുത്തും വിജയിക്കുമെന്ന ഇച്ഛാശക്തിയോടെ ഞങ്ങളിറങ്ങും. ” ധവാൻ കൂട്ടിച്ചേർത്തു.