ലക്ഷ്യം സ്വർണമെഡൽ, കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ സാധ്യതകളെ കുറിച്ച് സ്മൃതി മന്ദാന

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത് ഗോൾഡ് മെഡൽ തന്നെയാണെന്ന് ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ഒളിമ്പിക്സിൽ നീരജ് ചോപ്ര സ്വർണ മെഡൽ നേടിയപ്പോൾ വളരെയധികം അഭിമാനം തോന്നിയിരുന്നുവെന്നും ഇപ്പോൾ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ യശസ്സുയർത്താനുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സ്മൃതി മന്ദാന പറഞ്ഞു.

1998 ന് ശേഷം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മടങ്ങിയെത്തുന്നത്. ഇതിന് മുൻപ് 1998 ൽ മലേഷ്യയിൽ നടന്ന ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം പങ്കെടുത്തിരുന്നു. സച്ചിനും അജയ് ജഡേജയും മൊഹമ്മദ് അസഹറുദ്ദീനും അനിൽ കുംബ്ലെയും വി വി എസ് ലക്ഷ്മൺ അടക്കമുള്ള താരങ്ങൾ അന്നത്തെ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയയെ പരാജയപെടുത്തി സൗത്താഫ്രിക്കയാണ് അന്ന് ഗോൾഡ് മെഡൽ നേടിയത്.

” ഒളിമ്പിക്സിൽ നീരജ് ചോപ്രയ്ക്ക് ഗോൾഡ് മെഡൽ ലഭിച്ചപ്പോൾ വളരെയികം അഭിമാനം തോന്നിയിരുന്നു. ഇപ്പോൾ അത്തരത്തിലൊരു അവസരം ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഈ വേദിയിൽ ഫിനിഷ് ചെയ്യുകയെന്നത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം, നമ്മുടെ ദേശീയഗാനം പ്ലേ ചെയ്യുകയും അതിനൊപ്പം പതാക ഉയരുകയും ചെയ്യുന്നത് ഏറ്റവും മികച്ച വികാരമാണ്. ”

” കോമൺവെൽത്ത് ഗെയിംസിൽ കളിച്ച് ഞങ്ങൾക്ക് പരിചയമില്ല. അവിടെ ഞങ്ങൾ സ്വർണ മെഡൽ നേടാൻ ശ്രമിക്കും. വേദികളിൽ ട്രോഫി ഉയർത്തുന്നതിനെ പറ്റി ഞങ്ങൾ സങ്കൽപ്പിച്ചിട്ടുണ്ട്. ഇനി കോമൺവെൽത്തിൽ ഗോൾഡ് മെഡൽ നേടുന്നത് സങ്കൽപ്പിക്കണം അത് തീർച്ചയായും പുതിയ കാര്യമാണ്. ” മന്ദാന പറഞ്ഞു.

” ഇത് എനിക്കും ടീമിനും പുതിയ കാര്യമാണ്. ഇതുവരെയും മറ്റു കായിക ഇനങ്ങളും ഉൾപ്പെടുന്ന ടൂർണമെൻ്റിൽ ഞങ്ങൾ കളിച്ചിട്ടില്ല. ഈ അവസരത്തിൽ മറ്റുള്ള കായിക താരങ്ങളുമായി സംഭാഷണം നടത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ പരിശീലന ക്രമങ്ങളെ പറ്റിയും മറ്റും ചോദിച്ചറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ” സ്മൃതി മന്ദാന കൂട്ടിച്ചേർത്തു.