ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം, ഏകദിന റാങ്കിങിൽ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ഐ സി സി ഏകദിന റാങ്കിങിൽ തിരിച്ചടി നേരിട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച കോഹ്ലിക്ക് 33 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ ഏകദിന റാങ്കിങിൽ ആദ്യ മൂന്നിൽ നിന്നും കോഹ്ലി പുറത്തായി.

2015 ന് ശേഷം ഇതാദ്യമായാണ് വിരാട് കോഹ്ലി ഐസിസി ഏകദിന റാങ്കിങിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിന്നും പിന്തളളപ്പെടുന്നത്. പരമ്പരയിലെ മോശം പ്രകടനത്തോടെ റാങ്കിങിൽ നാലാം സ്ഥാനത്തേക്ക് കോഹ്ലി പിന്തളളപ്പെട്ടു. കോഹ്ലിയ്ക്കൊപ്പം ആദ്യ മത്സരത്തിൽ മാത്രം തിളങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ തകർപ്പൻ സെഞ്ചുറി നേടിയ സൗത്താഫ്രിക്കൻ താരം റാസി വാൻഡർ ഡസ്സനാണ് ഇരുവരെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തിയത്.

സൗത്താഫ്രിക്ക 62 റൺസിന് വിജയിച്ച മത്സരത്തിൽ 117 പന്തിൽ 134 റൺസ് താരം നേടിയിരുന്നു. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും ഓപ്പണർ ഇമാം ഉൾ ഹഖുമാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമുള്ളത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ കളിക്കാത്തതിനാൽ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും ഇനിയും പോയിൻ്റുകൾ നഷ്ടപെടും.

പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 25 സ്ഥാനം മെച്ചപെടുത്തി 52 ആം സ്ഥാനത്തെത്തി. പന്തിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക് പാണ്ഡ്യ എട്ട് സ്ഥാനങ്ങൾ മെച്ചപെടുത്തി റാങ്കിങിൽ 42 ആം സ്ഥാനത്തെത്തി.

ബൗളർമാരുടെ റാങ്കിങിൽ ബുംറയ്ക്ക് മൂന്നാം ഏകദിനം നഷ്ടമായതോടെ ട്രെൻഡ് ബോൾട്ട് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ബുംറയും ഷഹീൻ അഫ്രീദിയുമാണ് റാങ്കിങിൽ ട്രെൻഡ് ബോൾട്ടിന് പിന്നിലുള്ളത്.