കോഹ്ലിയെയും വില്യംസണെയും നോക്കൂ, ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല, സ്റ്റോക്സ് വിരമിച്ചതിനെ കുറിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഏകദിന ക്രിക്കറ്റിൽ നിന്നും ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് വിരമിച്ചത് ടീമിന് താൻ ഭാരമാകുമോ എന്ന ഭയം ഉള്ളതുകൊണ്ടാകാമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിനൊപ്പം ഐ പി എല്ലിലെലും കളിക്കുന്നത് ഏതൊരു താരത്തിനും ഗുണകരമാകില്ലെന്നും അതിന് ഉദാഹരണമാണ് വിരാട് കോഹ്ലിയും കെയ്ൻ വില്യംസണുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അഭിപ്രായപെട്ടു.

ഇന്ത്യൻ പ്രീമിയർ മോശം പ്രകടനമാണ് വിരാട് കോഹ്ലിയും കെയ്ൻ വില്യംസണും കാഴ്ച്ചവെച്ചത്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോമിലാണ് ഇരുവരും തുടരുന്നത്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിങ്സിൽ ഒരേയൊരു തവണ മാത്രമാണ് വില്യംസൻ 50+ സ്കോർ നേടിയത്. മറുഭാഗത്ത് ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ 6 ഇന്നിങ്സിൽ നിന്നും വെറും 76 റൺസ് മാത്രമാണ് കോഹ്ലിക്ക് നേടുവാൻ സാധിച്ചത്.

” ഓരോ തവണയും ഇംഗ്ലണ്ടിന് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ 100 ശതമാനവും പ്രതിബദ്ധതയുള്ളവനായിരിക്കാൻ സ്റ്റോക്സ് ആഗ്രഹിക്കുന്നു. അല്ലാതെ 80 ശതമാനമോ മറ്റോ അല്ല. അതാണ് അവനെ വ്യത്യസ്തനാക്കുന്നത്. ”

” 80 % സ്റ്റോക്സ് മതിയെന്ന് പലരും അഭിപ്രായപെടും. എന്നാൽ അത്തരത്തിൽ കളിക്കുമ്പോൾ തീർച്ചയായും ഏതെങ്കിലും ഒരു ഫോർമാറ്റിലെ പ്രകടനത്തിൽ ഇടിവുണ്ടാകും എന്നതാണ് പ്രശ്നം. ഉദാഹരണത്തിന് കെയ്ൻ വില്യംസണും വിരാട് കോഹ്ലിയ്ക്കും സംഭവിച്ചത് നോക്കൂ. ടീമിന് ഭാരമാകുവാൻ അവൻ ആഗ്രഹിക്കുന്നില്ല. ” നാസർ ഹുസൈൻ പറഞ്ഞു.

തൻ്റെ അവസാന ഏകദിനത്തിൽ 5 റൺസ് നേടിയാണ് സ്റ്റോക്സ് പുറത്തായത്. 2011 ൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം ഇംഗ്ലണ്ടിന് വേണ്ടി 105 മത്സരങ്ങളിൽ നിന്നും മൂന്ന് സെഞ്ചുറിയും 21 ഫിഫ്റ്റിയുമടക്കം 2924 റൺസും 74 വിക്കറ്റും നേടിയിട്ടുണ്ട്.