Skip to content

തോൽവി തുടർന്ന് ഇംഗ്ലണ്ട്! സ്റ്റോക്സിന്റെ അവസാന ഏകദിനത്തിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെ ജയിക്കാനാവാതെ ഇംഗ്ലണ്ട്

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് പിന്നാലെ  ആരംഭിച്ച സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലും തോൽവിയോടെ ഇംഗ്ലണ്ടിന് തുടക്കം. ആദ്യം ബാറ്റ് ചെയ്‌ത സൗത്ത് ആഫ്രിക്ക മുന്നോട്ട് വെച്ച് 334 റൺസ് വിജയലക്ഷ്യം പിൻതുടർന്നു ഇറങ്ങിയ ഇംഗ്ലണ്ടിന് 271 റൺസ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ട് നിരയിൽ എല്ലാവരും കൂടാരം കയറിയതോടെ ഇന്നിംഗ്‌സിന് 46.5 ഓവറിൽ അവസാനമായി.

62 റൺസിന്റെ തകർപ്പൻ ജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്. 117 പന്തിൽ 10 ഫോർ സഹിതം 133 റൺസ് നേടിയ വൻ ഡെർ ഡസന്റെ ഇന്നിംഗ്സ് കരുത്തിലാണ് ആതിഥേയർക്കെതിരെ മികച്ച സ്‌കോർ പടുത്തുയർത്തിയത്. ഡസനെ കൂടാതെ മലാനും (77പന്തിൽ 57) മാർക്രമും (61 പന്തിൽ 77) തങ്ങളുടെ റോൾ ഭംഗിയാക്കി.

ഏകദിന കരിയറിൽ 31 ഇന്നിംഗ്‌സിൽ നിന്നായി 75ന് അടുത്ത് ആവറേജിൽ കളിക്കുന്ന ഡസൻ കരിയറിലെ മൂന്നാം സെഞ്ചുറിയാണ് നേടിയത്. ഒരു സിക്സ് പോലും നേടാതെയാണ് സൗത്ത് ആഫ്രിക്ക 333 റൺസ് അടിച്ചു കൂട്ടിയതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ചെയ്‌സിങ്ങിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് റോയും ബെയ്‌ർസ്റ്റോയും നൽകിയത്. 19 ഓവറിൽ 102 റൺസ് അടിച്ചു കൂട്ടിയിരുന്നു.

19ആം ഓവറിലെ അവസാന പന്തിൽ
62 പന്തിൽ 43 റൺസ് നേടിയ റോയ് പുറത്തായതിന് പിന്നാലെ അധികം വൈകാതെ 63 റൺസ് നേടിയ ബെയ്‌ർസ്റ്റോയും കൂടാരം കയറി. മൂന്നാമനായി എത്തിയ റൂട്ടും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 77 പന്തിൽ 86 റൺസ് നേടി. മധ്യനിര പൂർണ പരാജയമായതാണ് ഇംഗ്ലണ്ടിനെ തോല്വിയിലേക്ക് തള്ളിയിട്ടത്.

ഏകദിന കരിയറിലെ അവസാന മത്സരം കളിച്ച സ്റ്റോക്‌സ് 11 പന്തിൽ 5 റൺസ് നേടി പുറത്തായി. ക്യാപ്റ്റൻ ബട്ട്ലർ  12 റൺസും ലിവിങ്സ്റ്റൺ 10 റൺസും നേടിയാണ് മടങ്ങിയത്. സൗത്ത്ആഫ്രിക്കയ്ക്കായി നോർജെ 8.5 ഓവറിൽ 53 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. റിവർസൈഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.