Skip to content

അരങ്ങേറ്റത്തിൽ 12 വിക്കറ്റ് നേടി പ്രഭാത് ജയസൂര്യ, ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കയ്ക്ക് ചരിത്രവിജയം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയ്‌ക്ക് തകർപ്പൻ വിജയം. ഒരു ഇന്നിങ്സിനും 39 റൺസിനുമാണ് ഓസ്ട്രേലിയയെ ശ്രീലങ്ക പരാജയപെടുത്തിയത്. മത്സരത്തിലെ വിജയത്തോടെ ടെസ്റ്റ് പരമ്പര 1-1 ന് സമനിലയിൽ കലാശിച്ചു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്ട്രേലിയക്കെതിരെ ശ്രീലങ്ക ഇന്നിങ്സ് വിജയം നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരായ ശ്രീലങ്കയുടെ അഞ്ചാം വിജയം കൂടിയാണിത്.

തൻ്റെ അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 12 വിക്കറ്റ് നേടിയ സ്പിന്നർ പ്രഭാത് ജയസൂര്യയാണ് ഓസ്ട്രേലിയയെ ചുരുക്കികെട്ടിയത്. ആദ്യ ഇന്നിങ്സിൽ 118 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഇന്നിങ്സിൽ 59 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിങ്സിൽ 190 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് 151 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 59 പന്തിൽ 32 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്ത് രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായി.

നേരത്തേ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ ദിനേശ് ചാന്ദിമലിൻ്റെ മികവിലാണ് 554 റൺസ് നേടി 190 റൺസിൻ്റെ ലീഡ് ശ്രീലങ്ക സ്വന്തമാക്കിയത്. ചാന്ദിമൽ 206 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ 86 റൺസ് നേടിയ ക്യാപ്റ്റൻ കരുണരത്നെയും 85 റൺസ് നേടിയ കുശാൽ മെൻഡിസും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റും സ്വെപ്സൻ മൂന്ന് വിക്കറ്റും നേടി.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 145 റൺസ് നേടിയ സ്റ്റീവ് സ്മിത്തിൻ്റെയും 104 റൺസ് നേടിയ മാർനസ് ലാബുഷെയ്ൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ ഓസ്ട്രേലിയ നേടിയത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ പരാജയം കൂടിയാണിത്.

( Picture Source : Twitter )