സ്പിന്നിന് മുന്നിൽ മുട്ടുമടക്കി ഓസ്‌ട്രേലിയ! ശ്രീലങ്കയ്ക്ക് ഇന്നിംഗ്‌സിന്റെ കൂറ്റൻ ജയം

ഓസ്‌ട്രേലിയയ്ക്കെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കൂറ്റൻ ജയം സ്വന്തമാക്കി പരമ്പര സമനിലയിൽ പിടിച്ച് ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 190 ട്രയലുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയയെ 151 റൺസിൽ സ്പിന്നിൽ കറക്കി വീഴ്ത്തുകയായിരുന്നു. ഇന്നിംഗ്സിനും 39 റൺസിനുമാണ് ശ്രീലങ്കയുടെ ജയം. 16 ഓവറിൽ 59 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ പ്രഭത് ജയസൂര്യയാണ് ശ്രീലങ്കയുടെ ജയം അതിവേഗത്തിലാക്കിയത്.

59 പന്തിൽ 32 റൺസ് നേടിയ ലെബുഷെയ്ൻ ആണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറർ. ആദ്യ വിക്കറ്റിൽ 49 റൺസ് അടിച്ചു കൂട്ടിയ  ഓപ്പണർമാർ വീണതോടെ ഓസ്‌ട്രേലിയ തകരുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. അഞ്ചാം വിക്കറ്റിൽ ലെബുഷെയ്നും ഗ്രീനും  ചെറുത്ത് നിൽപ്പിന് ശ്രമം നടത്തിയെങ്കിലും 112 റൺസിൽ നിൽക്കേ ലെബുഷെയ്ൻ പുറത്തായതോടെ അതിനും അന്ത്യമായി. 38 റൺസ് ഇരുവരും അടിച്ചു കൂട്ടിയിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ഇത്തവണ എൽബിഡബ്ല്യൂവിലൂടെ പൂജ്യത്തിലാണ് പുറത്തായത്. മറ്റുള്ളവരുടെ സ്‌കോർ…  വാർണർ (24), ഖവാജ (29), ഹെഡ് (5), ഗ്രീൻ (23), കാരി (16), സ്റ്റാർക്ക് (0), കമ്മിൻസ് (16), ലിയോണ് (5), സ്വപ്സന് (0).

നേരെത്തെ ആദ്യ ഇന്നിംഗ്‌സിൽ ശ്രീലങ്ക ചണ്ഡിമലിന്റെ ഡബിൾ സെഞ്ചുറി മികവിലാണ് 554 എന്ന കൂറ്റൻ സ്‌കോർ നേടിയത്. 326 പന്ത് നേരിട്ട ചണ്ഡിമൽ 5 സിക്‌സും 16 ഫോറും ഉൾപ്പെടെ 206 റൺസ് നേടി പുറത്താകാതെ നിന്നു. അഞ്ചാമനായി എത്തിയാണ് ടെസ്റ്റിലെ കന്നി ഡബിൾ സെഞ്ചുറി നേടി അവസാനം വരെ പുറത്താകാതെ നിന്നത്.

അവസാന വിക്കറ്റിൽ രജിതയെ കൂട്ടുപിടിച്ച് 49 റൺസാണ് അടിച്ചു കൂട്ടിയത്. ചണ്ഡിമലിനെ കൂടാതെ ശ്രീലങ്കൻ നിരയിൽ കരുണരത്നെ (86), കുസാൽ മെൻഡിസ് (85), മാത്യൂസ് (52), കമിണ്ടു മെൻഡിസ് (62) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു