തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കൻ ബാറ്റ്സ്മാൻ ദിനേശ് ചാന്ദിമൽ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ വമ്പൻ സ്കോർ നേടിയ ശ്രീലങ്ക നിർണായക ലീഡും സ്വന്തമാക്കി. മത്സരത്തിലെ ഡബിൾ സെഞ്ചുറിയോടെ മറ്റൊരു ശ്രീലങ്കൻ ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ചാന്ദിമൽ.

ഡബിൾ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ചാന്ദിമലിൻ്റെ മികവിൽ ആദ്യ ഇന്നിങ്സിൽ 554 റൺസ് നേടിയ ശ്രീലങ്ക 190 റൺസിൻ്റെ മികച്ച ലീഡും സ്വന്തമാക്കിയിരുന്നു. 206 റൺസ് നേടി പുറത്താകാതെ നിന്ന ചാന്ദിമലിനൊപ്പം 86 റൺസ് നേടിയ കരുണരത്നെയും 85 റൺസ് നേടിയ കുശാൽ മെൻഡിസും 52 റൺസ് നേടിയ ഏഞ്ചലോ മാത്യൂസും 61 റൺസ് നേടിയ കമിൻഡു മാത്യൂസും ശ്രീലങ്കയ്‌ക്ക് വേണ്ടി മികവ് പുലർത്തി.
ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ആദ്യ ഡബിൾ സെഞ്ചുറി നേടിയ ചാന്ദിമൽ ഓസ്ട്രേലിയക്കെതിരെ ആദ്യമായി ഡബിൾ സെഞ്ചുറി നേടുന്ന ശ്രീലങ്കൻ ബാറ്റ്സ്മാനെന്ന തകർപ്പൻ നേട്ടവും സ്വന്തമാക്കി. ഇതിനുമുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ 32 മത്സരങ്ങളിൽ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഒരു ശ്രീലങ്കൻ ബാറ്റ്സ്മാനും ഓസ്ട്രേലിയക്കെതിരെ ഡബിൾ സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. 2007 ൽ ഹൊബാർട്ടിൽ 192 റൺസ് നേടിയ കുമാർ സംഗക്കാരയായിരുന്നു ഇതിനുമുൻപ് ഓസ്ട്രേലിയക്കെതിരെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ ശ്രീലങ്കൻ ബാറ്റ്സ്മാൻ.

മത്സരത്തിൽ ശ്രീലങ്ക പിടിമുറുക്കികൊണ്ടിരിക്കുകയാണ്. 190 റൺസിൻ്റെ ലീഡ് വഴങ്ങിയ ഓസ്ട്രേലിയക്ക് 100 റൺസ് എടുക്കുന്നതിന് മുൻപേ 4 വിക്കറ്റുകൾ നഷ്ടപെട്ടു. ഡേവിഡ് വാർണർ 24 റൺസും ഉസ്മാൻ ഖവാജ 29 റൺസും നേടി പുറത്തായപ്പോൾ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് പൂജ്യത്തിനും ട്രാവിസ് ഹെഡ് 4 റൺസും നേടി പുറത്തായി.
