Skip to content

അവസാന ഓവറിൽ 24 റൺസ് നേടി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ച് ബ്രേസ്വെൽ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവിശ്വസീയ പ്രകടനമാണ് അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനായി മൈക്കൽ ബ്രേസ്വെൽ കാഴ്ച്ചവെച്ചത്. ഏഴാമനായി ക്രീസിലെത്തി പുറത്താകാതെ സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് ന്യൂസിലൻഡ് മത്സരത്തിൽ വിജയിച്ചത്. അവസാന ഓവറിൽ 24 റൺസ് നേടിയാണ് ആവേശവിജയം കിവികൾക്ക് ബ്രേസ്വെൽ സമ്മാനിച്ചത്. ഈ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കി.

( Picture Source : Twitter )

കയ്യിൽ ഒരേയൊരു വിക്കറ്റ് മാത്രം ശേഷിക്കെ 20 റൺസായിരുന്നു 301 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡിന് അവസാന ഓവറിൽ വേണ്ടിയിരുന്നത്. അയർലൻഡ് ചരിത്രവിജയം ഉറപ്പിച്ചുവെന്ന് തോന്നിച്ചുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് ബ്രേസ്വെൽ ഒരു പന്ത് ബാക്കിനിൽക്കെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ലെഗ് സൈഡിലേക്ക് ഫോർ പായിച്ച താരം തൊട്ടടുത്ത പന്തിൽ സിക്സും അടുത്ത പന്തിൽ ഫോറും അഞ്ചാം പന്തിൽ സിക്സും പായിച്ചുകൊണ്ട് ന്യൂസിലൻഡിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

അവസാന ഓവറിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 24 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇതോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ അമ്പതാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് താരം സ്വന്തമാക്കി.

82 പന്തിൽ 10 ഫോറും 7 സിക്സും അടക്കം പുറത്താകാതെ 127 റൺസ് താരം നേടിയിരുന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ വിജയകരമായ റൺ ചേസിൽ അഞ്ചാമനായോ അതിൽ താഴെയോ പൊസിഷനിൽ ഇറങ്ങി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ബ്രേസ്വെൽ സ്വന്തമാക്കി. 2013 ൽ അയർലൻഡിനെതിരെ 124 റൺസ് നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ, 1999 ൽ ഇന്ത്യയ്ക്കെതിരെ 124 റൺസ് നേടിയ മുൻ വിൻഡീസ് താരം റികാർഡോ പവൽ എന്നിവരെയാണ് ബ്രേസ്വെൽ പിന്നിലാക്കിയത്.

( Picture Source : Twitter )