ഗാംഗുലിയെയും സെവാഗിനെയും യുവരാജിനെയും പുറത്താക്കിയിരുന്നില്ലേ, ഇപ്പോൾ നിയമം മാറിയോ, ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസിയെ വിമർശിച്ച് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കടേഷ് പ്രസാദ്. ഇന്ത്യൻ ടീമിൻ്റെ സെലക്ഷൻ പോളിസി ഇപ്പോൾ മാറിയെന്നും മുൻപ് ഫോമിലല്ലാത്ത താരങ്ങളെ അവരുടെ പ്രശസ്തി പരിഗണിക്കാതെ പുറത്താക്കിയിരുന്നുവെന്നും എന്നാലിപ്പോൾ ഫോമിലല്ലാത്ത കളിക്കാർക്ക് ബിസിസിഐ വിശ്രമം നൽകുകയുമാണെന്നും താരം തുറന്നടിച്ചു.

” ഫോമിലല്ലാത്തവരെ അവരുടെ പ്രശസ്തി പരിഗണിക്കാതെ പുറത്താക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഫോമിലല്ലാതിരുന്നപ്പോൾ സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവരാജ് സിങ്, സഹീർ ഖാൻ, ഹർഭജൻ സിങ് എന്നിവർ ടീമിൽ നിന്നും പുറത്താക്കപെട്ടിരുന്നു. അവർ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോയി റൺസ് നേടികൊണ്ടാണ് ടീമിൽ തിരിച്ചെത്തിയത്. ആ അളവുകോൽ ഇപ്പോൾ മാറികഴിഞ്ഞു. ”

” ഫോമിലല്ലാത്തവർക്ക് വിശ്രമം ഉള്ളിടത്ത് പുരോഗതിയുണ്ടാകില്ല. ഈ രാജ്യത്ത് ധാരാളം പ്രതിഭകളുണ്ട്. പ്രശസ്തി കൊണ്ട് കളിക്കുവാൻ നിങ്ങൾക്ക് സാധിക്കില്ല. ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറായ അനിൽ കുംബ്ലെ നിരവധി മത്സരങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു. വലിയ ഗുണങ്ങൾക്കായി ചില കടുത്ത നടപടികൾ ആവശ്യമാണ്. ” വെങ്കടേഷ് പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

മുൻ താരങ്ങൾ അടക്കമുള്ളവർ കോഹ്ലിയെ നേരിട്ടും അല്ലാതെയും വിമർശിച്ച് രംഗത്തെത്തുമ്പോഴും ഉറച്ച പിന്തുണയാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ കോഹ്ലിയ്ക്ക് നൽകിയിരിക്കുന്നത്. പുറത്തുനിന്നുള്ള വിമർശനങ്ങൾക്ക് വില നൽകുന്നില്ലെന്ന് വ്യക്തമായ രോഹിത് എല്ലാ താരങ്ങളും മോശം ഫോമിലൂടെ കടന്നുപോകുമെന്നും താനടക്കമുള്ളവർ ഈ സാഹചര്യം നേരിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.

ഏകദിന ടീമിലും ടെസ്റ്റ് ടീമിലും കോഹ്ലിയ്ക്ക് ആശങ്കകൾ ഇല്ലാതെ തുടരാമെങ്കിലും വരുന്ന ടി20 ലോകകപ്പിന് മുൻപായി കോഹ്ലി ഫോമിൽ തിരിച്ചെത്തേണ്ടത് ഇന്ത്യൻ ടീമിനും കോഹ്ലിയ്ക്കും അനിവാര്യമാണ്. ദീപക് ഹൂഡ, സഞ്ജു സാംസൺ, ശ്രേയസ് അയ്യർ തുടങ്ങിയവർ ടി20 ടീമിൽ അവസരത്തിനായി കാത്തിരിക്കുകയാണ്.