ഒന്നര വർഷത്തിന് ശേഷം സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലിയെ പിന്നിലാക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ച് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടികൊണ്ടാണ് തൻ്റെ സെഞ്ചുറിക്ഷാമം സ്റ്റീവ് സ്മിത്ത് അവസാനിപ്പിച്ചത്.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ 28 ആം സെഞ്ചുറിയാണ് സ്റ്റീവ് സ്മിത്ത് മത്സരത്തിൽ നേടിയത്. ഇതോടെ നിലവിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ജോ റൂട്ടിനൊപ്പം സ്റ്റീവ് സ്‌മിത്തെത്തി. 27 സെഞ്ചുറി നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെയാണ് ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറിയോടെ സ്മിത്ത് പിന്നിലാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 28 സെഞ്ചുറി നേടിയ മൂന്നാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് സ്റ്റീവ് സ്മിത്ത്. വെറും 153 ഇന്നിങ്സിൽ നിന്നുമാണ് സ്മിത്ത് 28 സെഞ്ചുറി നേടിയത്. 72 ഇന്നിങ്സിൽ നിന്നും 28 സെഞ്ചുറി നേടിയ ഡോൺ ബ്രാഡ്മാനും 144 ഇന്നിങ്സിൽ നിന്നും 28 സെഞ്ചുറി നേടിയത് സച്ചിൻ ടെണ്ടുൽക്കറും മാത്രമാണ് സ്മിത്തിന് മുൻപിലുള്ളത്.

( Picture Source : Twitter )

നീണ്ട 18 മാസത്തിന് ശേഷമാണ് സ്റ്റീവ് സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് 2021 ജനുവരിയിൽ സിഡ്നി ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെയാണ് സ്റ്റീവ് സ്മിത്ത് അവസാനമായി സെഞ്ചുറി നേടിയത്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയിട്ടുണ്ട്. 212 പന്തിൽ 109 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 16 റൺസ് നേടിയ അലക്സ് കാരിയുമാണ് ക്രീസിലുള്ളത്. സ്റ്റീവ് സ്മിത്തിനൊപ്പം 104 റൺസ് നേടിയ മാർനസ് ലാബുഷെയ്നും ഓസ്ട്രേലിയക്ക് വേണ്ടി മികവ് പുലർത്തി. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ ഏഴാം സെഞ്ചുറിയും ഓസ്ട്രേലിയക്ക് പുറത്തെ തൻ്റെ ആദ്യ സെഞ്ചുറിയുമാണ് ലാബുഷെയ്ൻ നേടിയത്.

( Picture Source : Twitter )