Skip to content

ഫിഫ്റ്റിയും നാല് വിക്കറ്റും, അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഹാർദിക് പാണ്ഡ്യ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചത്. ബാറ്റിങിലും ബൗളിങിലും തിളങ്ങിയ പാണ്ഡ്യയുടെ മികവിലാണ് മത്സരത്തിൽ 50 റൺസിൻ്റെ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ താരത്തിനും നേടാൻ സാധിക്കാത്ത തകർപ്പൻ റെക്കോർഡ് ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി.

( Picture Source : Twitter )

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്‌ക്ക് വേണ്ടി 33 പന്തിൽ 6 ഫോറും ഒരു സിക്സുമടക്കം 51 റൺസ് ഹാർദിക് പാണ്ഡ്യ നേടിയിരുന്നു. 199 റൺസിൻ്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ നാലോവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് പാണ്ഡ്യ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഒരു മത്സരത്തിൽ ഫിഫ്റ്റിയും നാല് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന തകർപ്പൻ റെക്കോർഡ് ഹാർദിക് പാണ്ഡ്യ സ്വന്തമാക്കി.

( Picture Source : Twitter )

ഐസിസി ഫുൾ മെമ്പർ രാജ്യങ്ങളിൽ ഈ റെക്കോർഡ് സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് ഹാർദിക് പാണ്ഡ്യ. 2009 ൽ ലോർഡ്സിൽ ഇന്ത്യയ്ക്കെതിരെ 66 റൺസും നാല് വിക്കറ്റും നേടിയ മുൻ വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ, 2011 ൽ ഇംഗ്ലണ്ടിനെതിരെ 59 റൺസും , നാല് വിക്കറ്റും നേടിയ ഷെയ്ൻ വാട്സൺ, അതേ വർഷം സിംബാബ്വെയ്ക്കെതിരെ 71 റൺസും നാല് വിക്കറ്റും നേടിയ പാകിസ്ഥാൻ താരം മൊഹമ്മദ് ഹഫീസ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 19.3 ഓവറിൽ 148 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടു. നാല് വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം 2 വിക്കറ്റ് വീതം നേടിയ ചഹാലും അർഷ്ദീപ് സിങും ഇന്ത്യക്കായി മികവ് പുലർത്തി.

( Picture Source : Twitter )