വെറും 23 ഓവറിൽ ശ്രീലങ്കയെ ചുരുക്കികെട്ടി ഓസ്ട്രേലിയ, ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് 10 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിൽ വെറും 5 റൺസിൻ്റെ വിജയലക്ഷ്യം മറികടന്നാണ് തകർപ്പൻ വിജയം ആതിഥേയരായ ശ്രീലങ്കയ്ക്കെതിരെ നേടിയത്.

109 റൺസിൻ്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 113 റൺസ് നേടാൻ മാത്രമെ സാധിച്ചുള്ളൂ. വെറും 22.5 ഓവറിലാണ് ഓസ്ട്രേലിയൻ ബൗളർമാർ ശ്രീലങ്കയെ ചുരുക്കികെട്ടിയത്. 23 റൺസ് നേടിയ കരുണരത്നെയാണ് ശ്രീലങ്കൻ നിരയിലെ ടോപ്പ് സ്കോറർ.

( Picture Source : Twitter )

ഓസ്ട്രേലിയക്ക് വേണ്ടി ട്രാവിസ് ഹെഡ് 2.5 ഓവറിൽ 10 റൺസ് വഴങ്ങി നാല് വിക്കറ്റും നേതൻ ലയൺ 31 റൺസ് വഴങ്ങി നാല് വിക്കറ്റും മിച്ചൽ സ്വെപ്സൻ രണ്ട് വിക്കറ്റും നേടി.

നേരത്തേ ആദ്യ ഇന്നിങ്സിൽ 77 റൺസ് നേടിയ യുവതാരം കാമറോൺ ഗ്രീൻ, 71 റൺസ് നേടിയ ഉസ്മാൻ ഖവാജ, 45 റൺസ് നേടിയ അലക്സ് കാരി എന്നിവരുടെ മികവിലാണ് 321 റൺസ് നേടി 109 റൺസിൻ്റെ ലീഡ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ശ്രീലങ്ക 212 റൺസിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നേതൻ ലയണിൻ്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്വെപ്സണിൻ്റെയും മികവിലാണ് ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയെ ഓസ്ട്രേലിയ ചുരുക്കികെട്ടിയത്.

( Picture Source : Twitter )

മത്സരത്തിലെ വിജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1-0 ന് മുൻപിലെത്തി. വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിർത്തി.

( Picture Source : Twitter )