Skip to content

ഇത് ഇവർ തമ്മിലുള്ള അവസാന പോരാട്ടമായിരിക്കാം, കോഹ്ലിയും ആൻഡേഴ്സണും തമ്മിലുള്ള പോരാട്ടത്തെ കുറിച്ച് സഹീർ ഖാൻ

വിരാട് കോഹ്ലിയും ജെയിംസ് ആൻഡേഴ്സണും തമ്മിലുള്ള അവസാന പോരാട്ടത്തിനായിരിക്കും നാളെ ആരംഭിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം സാക്ഷ്യം വഹിക്കുകയെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. ആധുനിക ക്രിക്കറ്റിൽ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ആൻഡേഴ്സണും കോഹ്ലിയും തമ്മിൽ നടന്നിട്ടുള്ളത്.

2014 ൽ നടന്ന പര്യടനത്തിൽ കോഹ്ലിയ്ക്കെതിരെ ആൻഡേഴ്സൺ ആധിപത്യം പുലർത്തിയപ്പോൾ 2016 ലും 2018 ലും ആൻഡേഴ്സണ് പിടികൊടുക്കാതെ കിങ് കോഹ്ലി ശക്തമായി തിരിച്ചെത്തി. എന്നാൽ കഴിഞ്ഞ വർഷം കോഹ്ലിയെ രണ്ട് തവണ പുറത്താക്കി ആൻഡേഴ്സൺ പോരാട്ടത്തിൽ വീണ്ടും തിരിച്ചെത്തിയിരുന്നു. ഇപ്പോൾ ഒരുപക്ഷേ അവസാനമായി ഇരുവരും ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ വിജയം ആർക്കൊപ്പമായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

” ഈ പോരാട്ടം എത്രയധികം കാണുന്നുവോ അത്രയധികം നമ്മൾ അത് ആസ്വദിക്കുന്നു. അതെ ഇക്കുറി ഈ പോരാട്ടം അവസാനമായി കാണുമെന്ന് ഞാൻ കരുതുന്നു. ആൻഡേഴ്സൺ അധികം മത്സരങ്ങൾ കളിക്കുന്നില്ല. അവൻ വിരമിക്കലിന് അടുത്തെത്തിയതായി തോന്നുന്നു. ഇനി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വലിയ ഇടവേളയുണ്ടാകും. ” സഹീർ ഖാൻ പറഞ്ഞു.

” അവർ തമ്മിലുള്ള പോരാട്ടം ഇക്കുറിയും ആവേശകരമായിരിക്കും. ആൻഡേഴ്സൺ നന്നായി ബൗൾ ചെയ്യുന്നു. അവൻ തീർച്ചയായും ബാറ്റർമാരെ ബുദ്ധിമുട്ടിക്കും. വിരാട് കോഹ്ലിയും വിഷമിച്ചേക്കും. ആൻഡേഴ്സനെതിരെ കാര്യങ്ങൾ എളുപ്പമാവില്ല. അത് കോഹ്ലിയ്ക്ക് വെല്ലുവിളിയായിരിക്കും. ” സഹീർ ഖാൻ കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിനെതിരായ പരമ്പരയോടെ ഇംഗ്ലണ്ട് ടീമിൽ വീണ്ടും തിരിച്ചെത്തിയ ആൻഡേഴ്സൺ മികച്ച പ്രകടമാണ് കിവികൾക്കെതിരെ കാഴ്ച്ചവെച്ചത്. 2 മത്സരങ്ങളിൽ നിന്നും 11 വിക്കറ്റുകൾ താരം നേടിയിരുന്നു. മറുഭാഗത്ത് പരിശീലന മത്സരത്തിൽ ഫിഫ്റ്റി നേടി താളം കണ്ടെത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയുള്ളത്.