Skip to content

അയർലൻഡിനെതിരായ സെഞ്ചുറി, ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ദീപക് ഹൂഡ

തകർപ്പൻ പ്രകടനമാണ് അയർലൻഡിനെതിരായ രണ്ടാം ടി20 യിൽ ഇന്ത്യൻ ബാറ്റ്സ്മാൻ ദീപക് ഹൂഡ കാഴ്ച്ചവെച്ചത്. സഞ്ജു സാംസനൊപ്പം തകർത്തടിച്ച് സെഞ്ചുറി നേടിയാണ് മത്സരത്തിൽ ഹൂഡ പുറത്തായത്. ഈ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി.

മത്സരത്തിൽ നാല് റൺസിൻ്റെ ആവേശവിജയമാണ് ഇന്ത്യ നേടിയത്. സഞ്ജുവിൻ്റെയും ഹൂഡയുടെയും മികവിൽ ഇന്ത്യ ഉയർത്തിയ 226 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര 2-0 ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

( Picture Source : Twitter )

മത്സരത്തിലെ സെഞ്ചുറിയോടെ അന്താരാഷ്ട്ര ടി20 യിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായി ദീപക് ഹൂഡ മാറി. ഇതിന് മുൻപ് സുരേഷ് റെയ്ന, രോഹിത് ശർമ്മ, കെ എൽ രാഹുൽ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടിയിട്ടുള്ളത്. രോഹിത് ശർമ്മ നാല് തവണ സെഞ്ചുറി നേടിയപ്പോൾ കെ എൽ രാഹുൽ രണ്ട് തവണയും സുരേഷ് റെയ്ന ഒരു തവണയും അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി കുറിച്ചു.

( Picture Source : Twitter )

57 പന്തിൽ 9 ഫോറും 6 സിക്സുമടക്കം 104 റൺസ് നേടി പുറത്തായ ഹൂഡ അന്താരാഷ്ട്ര ടി20യിൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം നമ്പറിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന ബാറ്റ്സ്മാനായി മാറി. 2018 ൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ 101 റൺസ് നേടിയ കെ എൽ രാഹുൽ, 2010 ൽ സൗത്താഫ്രിക്കയ്ക്കെതിരെ 101 റൺസ് നേടിയ സുരേഷ് റെയ്ന എന്നിവരെയാണ് ഹൂഡ പിന്നിലാക്കിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടുന്ന നൂറാമത്തെ ബാറ്റ്സ്മാനാണ് ദീപക് ഹൂഡ. 1933 ൽ ലാല അമർനാഥാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യമായി സെഞ്ചുറി നേടിയത്.

( Picture Source : Twitter )