Skip to content

ഒന്നാമനായി ആയിരത്തിലധികം ദിവസങ്ങൾ, വിരാട് കോഹ്ലിയെ പിന്നിലാക്കി ബാബർ

ഐസിസി ടി20 റാങ്കിങിൽ വിരാട് കോഹ്ലിയുടെ വമ്പൻ റെക്കോർഡ് തകർത്ത് പാക് ക്യാപ്റ്റൻ ബാബർ അസം. ഐസിസിയുടെ പുതിയ റാങ്കിങിലും ഒന്നാം സ്ഥാനം നിലനിർത്തിയതോടെയാണ് കിങ് കോഹ്ലിയുടെ വമ്പൻ റെക്കോർഡ് ബാബർ അസം തകർത്തത്.

പുതിയ റാങ്കിങിലും ഒന്നാം സ്ഥാനം നിലനിത്തിയതോടെ ഐസിസി ടി20 റാങ്കിങിൽ ഏറ്റവും കൂടുതൽ ദിവസം ഒന്നാം സ്ഥാനത്തിരുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ബാബർ അസം സ്വന്തമാക്കി. ഐസിസി ടി20 റാങ്കിങിൽ 1013 ദിവസം വിരാട് കോഹ്ലി ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ഈ റെക്കോർഡാണ് ബാബർ അസം തകർത്തത്. പുതിയ റാങ്കിങ് പ്രകാരം 1030 ദിവസം ബാബർ അസം ഒന്നാം സ്ഥാനത്തിരുന്നിട്ടുണ്ട്. ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ള ബാബർ ടെസ്റ്റ് റാങ്കിങിൽ നിലവിൽ നാലാം സ്ഥാനത്താണുള്ളത്.

നിലവിൽ 818 പോയിൻ്റോടെയാണ് ബാബർ റാങ്കിങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. സഹതാരം മൊഹമ്മദ് റിസ്വാൻ, ഐയ്ഡൻ മാർക്രം, ഡേവിഡ് മലാൻ, ആരോൺ ഫിഞ്ച് എന്നിവരാണ് റാങ്കിങിൽ ബാബർ അസമിന് പുറകിലുള്ളത്. തുടർച്ചയായ പരമ്പരകൾ നഷ്ടപെട്ടതിനാൽ റാങ്കിങിൽ കോഹ്ലി 21 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴാം സ്ഥാനത്തുള്ള ഇഷാൻ കിഷനാണ് റാങ്കിങിൽ ഏറ്റവും മുൻപിലുള്ള ഇന്ത്യൻ താരം.

അന്താരാഷ്ട്ര ടി20 യിൽ ഇതുവരെ 74 മത്സരങ്ങളിൽ നിന്നും 45.53 ശരാശരിയിൽ 2686 റൺസ് ബാബർ അസം നേടിയിട്ടുണ്ട്. മറുഭാഗത്ത് വിരാട് കോഹ്ലിയാകട്ടെ 97 മത്സരങ്ങളിൽ നിന്നും 51.5 ശരാശരിയിൽ 3296 റൺസ് അന്താരാഷ്ട്ര ടി20 യിൽ നേടിയിട്ടുണ്ട്.