Skip to content

അവൻ കോഹ്ലിയെ ഏറെക്കുറെ പിന്നിലാക്കി കഴിഞ്ഞു, ബാബർ അസമിനെ പ്രശംസിച്ച് മുൻ വെസ്റ്റിൻഡീസ് താരം

ഏകദിന ക്രിക്കറ്റിൽ ബാറ്റ്സ്മാനെന്ന നിലയിൽ ബാബർ അസം വിരാട് കോഹ്ലിയെ ഏറെകുറെ മറികടന്നുവെന്ന് വെസ്റ്റിൻഡീസ് ഇതിഹാസതാരം ഇയാൻ ബിഷപ്പ്. പ്രമുഖ പാക് ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ ഇയാൻ ബിഷപ്പ് പ്രശംസിച്ചത്.

” ബാബർ അസം ഇതിഹാസ താരമാകാനുള്ള യാത്രയിലാണ്, കുറഞ്ഞത് വൈറ്റ് ബോൾ ക്രിക്കറ്റിൽ ഏകദിന ക്രിക്കറ്റിൽ ഉറപ്പായും. അവൻ യാത്രയിലാണ് എന്നുപറയുമ്പോൾ അതിൽ വ്യക്തത വരുത്തേണ്ടത്. ഇതിഹാസമെന്ന് വെറുതെ പറയാൻ സാധിക്കില്ല. അതിന് ഒരുപാട് മത്സരങ്ങളിൽ കളിക്കുകയും ഈ നേട്ടങ്ങൾ നിലനിർത്തുകയും വേണം. ഏകദിനത്തിൽ 60 നടുത്ത് ശരാശരിയിൽ 17 സെഞ്ചുറി അവൻ നേടിയിട്ടുണ്ട്. ഏറ്റവും മികച്ച ഏകദിന ബാറ്റ്സ്മാൻ എന്ന നിലയിൽ തൻ്റെ അയൽക്കാരനായ വിരാട് കോഹ്ലിയെ ഏറെക്കുറെ മറികടക്കാൻ അവന് സാധിച്ചിട്ടുണ്ട്. ” ഇയാൻ ബിഷപ്പ് പറഞ്ഞു.

ഏകദിന റാങ്കിങിലും ടി20 റാങ്കിങിലും ഒന്നാം സ്ഥാനത്തുള്ള ബാബർ അസം ടെസ്റ്റ് റാങ്കിങിൽ നാലാം സ്ഥാനത്താണുള്ളത്. മൂന്ന് ഫോർമാറ്റിലും ആദ്യ പത്തിലുള്ള ഒരേയൊരു ബാറ്റ്സ്മാൻ കൂടിയാണ് ബാബർ അസം. ഏകദിന ക്രിക്കറ്റിൽ 59.23 ശരാശരിയിൽ 4442 റൺസ് നേടിയ ബാബർ ടി20 ക്രിക്കറ്റിൽ 2686 റൺസും ടെസ്റ്റ് ക്രിക്കറ്റിൽ 2851 റൺസും നേടിയിട്ടുണ്ട്.

എന്നാൽ മറുഭാഗത്ത് ഏകദിനത്തിൽ 260 മത്സരങ്ങളിൽ നിന്നും 58.07 ശരാശരിയിൽ 12,311 റൺസ് നേടിയ കോഹ്ലി ബഹുദൂരം മുൻപിലാണ്. ഫോം ഫോമിൽ ആയിരുന്നിട്ടും ടി20 ക്രിക്കറ്റിലോ ടെസ്റ്റ് ക്രിക്കറ്റിലോ കോഹ്ലി ശരാശരിയെ മറികടക്കാൻ ബാബർ അസമിന് സാധിച്ചിട്ടില്ല.

” ടെസ്റ്റ് ക്രിക്കറ്റിലും ബാബർ അസം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ തുടക്കത്തിൽ അവന് മികവ് പുലർത്താൻ സാധിച്ചില്ലയെന്നത് എന്നെ അത്ഭുതപെടുത്തുന്നു. എന്നാലിപ്പോൾ അതിലും അവൻ മികവ് പുലർത്തി തുടങ്ങി. സാങ്കേതികമായി അവന് മികവുണ്ട്. ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നോ നാലോ ടെസ്റ്റ് ബാറ്റർമാരെ എടുത്താൽ അതിലവൻ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” ഇയാൻ ബിഷപ്പ് കൂട്ടിച്ചേർത്തു.