Skip to content

ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടാൻ ഞാൻ യോഗ്യനല്ല, രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്

ഐ പി എല്ലിൽ ആഗ്രഹിച്ച പോലെ ബാറ്റ് ചെയ്യുവാൻ തനിക്ക് സാധിച്ചിട്ടില്ലയെന്ന് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ യുവതാരം റിയാൻ പരാഗ്. നിലവിൽ ഇന്ത്യൻ ടീമിലെന്നല്ല ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും ഇടം നേടുവാൻ താൻ അർഹനല്ലയെന്നും റിയാൻ പരാഗ് പറഞ്ഞു. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 47 മത്സരങ്ങൾ കളിച്ച താരം 16.84 ശരാശരിയിൽ 522 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്.

” ഒന്നോ രണ്ടോ മത്സരങ്ങളിൽ എൻ്റെ ടീമിനെ വിജയത്തിലെത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അത് പോരാ, ഒരു ടൂർണ്ണമെൻ്റിൽ ആറോ ഏഴോ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ചാൽ മാത്രമേ എൻ്റെ കഴിവുകൾ അറിയപെടൂ. ഇപ്പോൾ ഇന്ത്യൻ ടീമിലേക്കുള്ള സാധ്യത പട്ടികയിൽ പോലും എൻ്റെ പേര് വന്നാൽ എനിക്കതിൽ സന്തോഷം തോന്നില്ല. ഞാനിപ്പോൾ അതിന് അർഹനല്ല. എൻ്റെ ടീമിനെ കൂടുതൽ മത്സരങ്ങളിൽ വിജയത്തിലെത്തിക്കാൻ സാധിച്ചാൽ എൻ്റെ ആത്മവിശ്വാസം വർധിക്കും. ” റിയാൻ പരാഗ് പറഞ്ഞു.

2018 ൽ അണ്ടർ 19 ലോകകപ്പ് വിജയം നേടിയ ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്ന റിയാൻ പരാഗിനെ ആ വർഷം നടന്ന ലേലത്തിലാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കാതിരുന്നിട്ടും താരത്തിന് മികച്ച പിന്തുണ റോയൽസ് നൽകിയിരുന്നു. അടുത്ത സീസൺ മുതൽ ടോപ്പ് ഓർഡറിൽ റിയാൻ പരാഗിന് അവസരം നൽകുമെന്ന് ഹെഡ് കോച്ച് സംഗക്കാരയും വ്യക്തമാക്കിയിരുന്നു. എന്നാൽ തൻ്റെ ബാറ്റിങ് പൊസിഷനിൽ താൻ സന്തോഷവാനാണെന്നായിരുന്നു അടുത്തിടെ നടന്ന അഭിമുഖത്തിൽ താരത്തിൻ്റെ പ്രതികരണം.

” എൻ്റെ ബാറ്റിങ് പൊസിഷനിൽ ഞാൻ സന്തോഷവാനാണ്. പക്ഷേ എൻ്റെ പ്രകടനത്തിൽ എനിക്ക് നിരാശയുണ്ട്. ആ പൊസിഷൻ (6/7) ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. എം എസ് ധോണിയുടെ പേര് മാത്രമാണ് ആ പൊസിഷനിൽ ഓർമ്മ വരിക. അതിനെയാണ് ഞാൻ പിന്തുടരുന്നതും പഠിക്കാൻ ശ്രമിക്കുന്നതും. ഇതുവരെ ലഭിച്ച എക്സ്പീരിയൻസിലൂടെ അടുത്ത സീസൺ മുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ” റിയാൻ പരാഗ് കൂട്ടിച്ചേർത്തു.