Skip to content

ഐ പി എല്ലിന് രണ്ടര മാസത്തെ വിൻഡോ, ആശങ്കയറിയിച്ച് പാക് ക്രിക്കറ്റ് ബോർഡ്, മറ്റു ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തും

ഐസിസിയുടെ അടുത്ത എഫ് ടി പി കലണ്ടർ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ ഉണ്ടായിരിക്കുമെന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയ്ക്ക് പുറകെ ആശങ്കയറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഈ തീരുമാനം അന്താരാഷ്ട്ര ക്രിക്കറ്റിനെ സാരമായി ബാധിക്കുമെന്നും ഇതുസംബന്ധിച്ച് മറ്റു ക്രിക്കറ്റ് ബോർഡുകളുമായി ചർച്ച നടത്തുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വക്താവ് പറഞ്ഞു.

ഐ പി എൽ മീഡിയ റൈറ്റ്സ് റെക്കോർഡ് വിലയ്ക്ക് വിറ്റുപോയതിന് പുറകെയാണ് അടുത്ത ഐസിസി കലണ്ടർ മുതൽ ഐ പി എല്ലിന് രണ്ടര മാസത്തെ വിൻഡോ ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. അതുകൊണ്ട് ഇനി മുതൽ ഐ പി എല്ലിൻ്റെ സമയത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റു പരമ്പരകൾ ഒന്നും തന്നെയുണ്ടാകില്ല. ഐസിസിയോടും മറ്റു ക്രിക്കറ്റ് ബോർഡുകളോടും ഇക്കാര്യം ചർച്ച ചെയ്തുവെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇതുമൂലം ഈ രണ്ടര മാസത്തിൽ മറ്റു ടീമുകളുമായി പരമ്പര കളിക്കുവാൻ പാകിസ്ഥാന് സാധിക്കില്ല. മറ്റു ടീമുകളുമായി ഇന്ത്യൻ ടീം ഐ പി എല്ലിന് ശേഷം പരമ്പരകൾ കളിക്കുന്നതിനാൽ ഈ തീരുമാനം തിരിച്ചടിയാകുന്നത് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനാണ്.

” ജൂലൈയിൽ നടക്കുന്ന കോമവെൽത്ത് ഗെയിംസിനിടെയാണ് ഐസിസി മീറ്റിങ് നടക്കുന്നത് ഈ വിഷയം ഞങ്ങൾ അവിടെ ചർച്ച ചെയ്യും. അന്താരാഷ്ട്ര പരമ്പരകളോട് പ്രതിജ്ഞാബദ്ധമാണെന്ന് ജയ് ഷാ പറഞ്ഞിരുന്നു. പക്ഷേ ഐ പി എല്ലിൻ്റെ ഈ വിപുലീകരണം ക്രിക്കറ്റ് ബോർഡുകൾക്കിടയിൽ ചർച്ച ചെയ്യേണ്ടതുണ്ട്. ” പാക് ക്രിക്കറ്റ് ബോർഡ് വക്താവ് പറഞ്ഞു.

ഈ ഐ പി എൽ സീസണിനിടെയാണ് ഓസ്ട്രേലിയയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര നടന്നത്. ഈ പരമ്പരയിലൂടെ മികച്ച വരുമാനം നേടിയെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് സാധിച്ചിരുന്നു. ഐസിസിയിൽ നിന്നുമാണ് പാക് ക്രിക്കറ്റ് ബോർഡ് പ്രധാന വരുമാനം കണ്ടെത്തുന്നത്. എന്നാൽ ഐസിസിയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം നേടികൊടുക്കുന്നതാകട്ടെ ബിസിസിഐയുമാണ്. അതുകൊണ്ട് തന്നെ ഈ തീരുമാനത്തിൽ നിന്നും ഐസിസിയെ പിന്തിരിക്കാൻ പാക് ക്രിക്കറ്റ് ബോർഡിന് സാധിക്കുകയില്ലെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.