Skip to content

ഇനി ഐ പി എല്ലിൻ്റെ സമയത്ത് മറ്റു കളികൾ നടക്കില്ല, നിർണായക നീക്കവുമായി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മീഡിയ റൈറ്റ്സ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയതിന് പുറകെ ടൂർണമെൻ്റിൻ്റെ ജനപ്രീതി വർധിപ്പിക്കാൻ നിർണായക നീക്കവുമായി ബിസിസിഐ. ഐസിസിയുടെ അടുത്ത എഫ് ടി പി സൈക്കിളിൽ ഐ പി എല്ലിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇതോടെ ഐ പി എല്ലിൻ്റെ സമയത്ത് മറ്റു അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

ഈ സീസണിലടക്കം മറ്റു രാജ്യങ്ങൾ തമ്മിൽ മത്സരങ്ങൾ ഉള്ളതിനാൽ പല വിദേശ താരങ്ങൾക്കും തുടക്കത്തിലെ മത്സരങ്ങൾ നഷ്ടപെട്ടിരുന്നു. ലേലത്തിൽ വമ്പൻ തുക മുടക്കി സ്വന്തമാക്കുന്ന താരങ്ങളുടെ അഭാവം ടീമുകൾക്കും തിരിച്ചടിയായിരുന്നു. എന്നാൽ ഇനി മുതൽ രണ്ടര മാസത്തെ പ്രത്യേക വിൻഡോ ലഭിക്കുന്നതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾക്ക് എല്ലാ മത്സരത്തിലും കളിക്കുവാൻ സാധിക്കും.

” ഒരു കാര്യം ഞാൻ നിങ്ങളെ അറിയിക്കുന്നു, അടുത്ത ഐസിസി Ftp കലണ്ടർ മുതൽ ഐ പി എല്ലിന് രണ്ടര മാസത്തെ ഔദ്യോഗിക വിൻഡോ ഉണ്ടായിരിക്കും. അതിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മുൻനിര താരങ്ങൾക്കും ഐ പി എല്ലിൽ പങ്കെടുക്കാൻ സാധിക്കും. വിവിധ ക്രിക്കറ്റ് ബോർഡുകളുമായും ഐസിസിയുമായും ഞങ്ങൾ ചർച്ച നടത്തികഴിഞ്ഞു. ” ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

48,390 കോടി രൂപയ്ക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐ പി എൽ മീഡിയ റൈറ്റ്സ് വിറ്റുപോയത്. ടെലിവിഷൻ റൈറ്റ്സ് 23,575 കോടിയ്ക്ക് സ്റ്റാർ നിലനിർത്തിയപ്പോൾ ഡിജിറ്റൽ റൈറ്റ്സ്. 20,500 കോടിയ്ക്ക് വിയാർകോം സ്വന്തമാക്കി.