Skip to content

സഞ്ജുവും ത്രിപാതിയും ടീമിൽ, അയർലൻഡ് പര്യടനത്തിൽ ഇന്ത്യയെ ഹാർദിക് പാണ്ഡ്യ നയിക്കും

ഈ മാസവസാനം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഇടം നേടാൻ സാധിക്കാതിരുന്ന സഞ്ജു സാംസണെയും രാഹുൽ ത്രിപാതിയെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. ഭുവനേശ്വർ കുമാറാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ.

ഇതാദ്യമായാണ് രാഹുൽ ത്രിപാതി ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്. ഈ ഐ പി എൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി തകർപ്പൻ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. രാഹുൽ ത്രിപാതിയ്ക്കൊപ്പം സൗത്താഫ്രിക്കൻ പരമ്പര നഷ്ടമായ സഞ്ജു സാംസണും ടീമിൽ തിരിച്ചെത്തി. ലോകകപ്പ് ടീമിൽ തന്നെ സാധ്യത നിലനിർത്തുവാൻ സഞ്ജുവിന് ലഭിക്കുന്ന മികച്ച അവസരമാണിത്.

പരിക്ക് മൂലം സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര നഷ്ടമായ സൂര്യകുമാർ യാദവ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പന്തിൻ്റെ അഭാവത്തിൽ ദിനേശ് കാർത്തിക്കായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.

രണ്ട് മത്സരങ്ങളുടെ ടി20 പരമ്പര മാത്രമാണ് പര്യടനത്തിലുള്ളത്. ജൂൺ 26 നും ജൂൺ 28 നുമാണ് മത്സരങ്ങൾ നടക്കുന്നത്.

അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീം ;

ഹാർദിക് പാണ്ഡ്യ (c), ഭുവനേശ്വർ കുമാർ (vc), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക് (wk), യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ആർ ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്