Skip to content

ഒടുവിൽ ആഗ്രഹം സഫലമായി, ടെസ്റ്റ് ക്രിക്കറ്റിലെ ആ തകർപ്പൻ റെക്കോർഡ് ഇനി ട്രെൻ്റ് ബോൾട്ടിന് സ്വന്തം

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടം കുറിച്ച് ന്യൂസിലൻഡ് പേസർ ട്രെൻ്റ് ബോൾട്ട്. എന്നാൽ ബൗളിങിലല്ല ബാറ്റിങിലാണ് ഈ തകർപ്പൻ റെക്കോർഡ് ബോൾട്ട് സ്വന്തമാക്കിയത്. ബോൾട്ട് പിന്നിലാക്കിയതാകട്ടെ സാക്ഷാൽ മുത്തയ്യ മുരളീധരനെയും.

ട്രെൻഡ് ബ്രിഡ്ജിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ അവസാന ദിനത്തിലാണ് ഈ റെക്കോർഡ് ട്രെൻ്റ് ബോൾട്ട് സ്വന്തമാക്കിയത്. മത്സരത്തിൽ ബാറ്റിങിനിറങ്ങി ഒരു റൺസ് നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന പതിനൊന്നാം നമ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് ബോൾട്ട് സ്വന്തമാക്കി. 623 റൺസ് നേടിയ മുത്തയ്യ മുരളീധരനെ പിന്നിലാക്കിയാണ് ഈ റെക്കോർഡ് ട്രെൻ്റ് ബോൾട്ട് സ്വന്തമാക്കിയത്.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 18 പന്തിൽ പുറത്താകാതെ 16 റൺസ് നേടി മുത്തയ്യ മുരളീധരനൊപ്പം എത്തിയിരുന്നുവെങ്കിലും ഡാരൽ മിച്ചൽ പുറത്തായതോടെയാണ് ബോൾട്ടിന് റെക്കോർഡ് സ്വന്തമാക്കാൻ രണ്ടാം ഇന്നിങ്സ് വരെ കാത്തിരിക്കേണ്ടി വന്നത്. രണ്ടാം ഇന്നിങ്സിൽ 15 പന്തിൽ 17 റൺസ് നേടിയാണ് ബോൾട്ട് പുറത്തായത്. ഈ പ്രകടനമടക്കം ടെസ്റ്റ് ക്രിക്കറ്റിൽ പതിനൊന്നാമനായി 640 റൺസ് ട്രെൻ്റ് ബോൾട്ട് നേടിയിട്ടുണ്ട്.

( Picture Source : Twitter )

മത്സരത്തിലേക്ക് വരുമ്പോൾ രണ്ടാം ഇന്നിങ്സിൽ 284 റൺസ് നേടി പുറത്തായ ന്യൂസിലൻഡ് 299 റൺസിൻ്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തി. 131 പന്തിൽ 62 റൺസ് നേടിയ ഡാരൽ മിച്ചലാണ് വീണ്ടും ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. വിൽ യങ് 56 റൺസും ഡെവൺ കോൺവേ 52 റൺസും നേടി പുറത്തായി. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ, മാത്യൂ പോട്ട്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

( Picture Source : Twitter )