Skip to content

തുടർതോൽവികളിൽ നിരാശയില്ല, ഞങ്ങൾ മുൻഗണന നൽകുന്നത് ലോകകപ്പിനാണ് : ശ്രേയസ് അയ്യർ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ തുടർതോൽവികളിൽ ടീം നിരാശരല്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ ശ്രേയസ് അയ്യർ. ഇന്ത്യ മുൻഗണന നൽകുന്നത് വരാനിരിക്കുന്ന ലോകകപ്പിനാണെന്നും അതിനുള്ള പദ്ധതികൾ എന്തുതന്നെ സംഭവിച്ചാലും ഈ മത്സരങ്ങളിൽ നടപ്പിലാക്കുമെന്നും പരാജയത്തിൽ നിരാശരാകാതെ തെറ്റുകളിൽ നിന്നും പഠിക്കുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

” ഞങ്ങളുടെ ലക്ഷ്യം വ്യക്തമായും ലോകകപ്പാണ്. അതിനായി ഞങ്ങൾ പദ്ധതികൾ ഇപ്പോൾ മുതൽ ആസൂത്രണം ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങൾ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. ഇത് ഞങ്ങൾക്ക് പരിശീലിക്കാനുള്ള മത്സരങ്ങളാണ്. ഇതിനുമുൻപ് പദ്ധതികൾ നടപ്പിലാക്കുവാൻ മത്സരങ്ങൾ നമുക്ക് ലഭിച്ചിരുന്നില്ല. ”

” ടീം മീറ്റിങിലും ഞങ്ങൾ ചർച്ച ചെയ്യുന്നതും ഇതുതന്നെയാണ്. മത്സരത്തിൽ എന്തുതന്നെ സംഭവിച്ചാലും തീരുമാനിച്ച പദ്ധതികൾ മത്സരത്തിൽ നടപ്പിലാക്കണം. പരാജയപെട്ടാൽ അതിൽ നിന്നും പാഠം ഉൾക്കൊണ്ട് കളിക്കാരനെന്ന നിലയിലും ടീമെന്ന നിലയിലും വളരണം. ഓസ്ട്രേലിയയിൽ എത്തുന്നത് വരെ അത് പ്രധാനമാണ്. ” അയ്യർ പറഞ്ഞു.

” എന്തുതന്നെ സംഭവിച്ചാലും ഈ പദ്ധതികളുമായി ഞങ്ങൾ മുൻപോട്ട് പോകും. തുടർച്ചയായി വിക്കറ്റുകൾ നഷ്ടപെട്ടാലും ഗെയിം പ്ലാനിൽ ഞങ്ങൾ മാറ്റം വരുത്തില്ല. ഭാവിയിലും ഈ ചിന്താഗതിയോടെയായിരിക്കും ഞങ്ങൾ ഇറങ്ങുക. ” ശ്രേയസ് അയ്യർ കൂട്ടിച്ചേർത്തു.

രണ്ടാം ടി20യിൽ ദിനേശ് കാർത്തിക്കിന് മുൻപേ അക്ഷർ പട്ടേൽ ക്രീസിൽ എത്തിയത് മുൻകൂട്ടി തീരുമാനിച്ചപ്രകാരമാണെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ആ സമയത്ത് സ്ട്രൈക്ക് കൈമാറികളിക്കുന്ന ഒരാളെയായിരുന്നു തങ്ങൾക്ക് ആവശ്യമെന്നും ആദ്യ പന്ത് മുതൽക്കെ സ്ലോഗ് ചെയ്യുവാൻ സാധിക്കുന്നതിനാൽ ദിനേശ് കാർത്തിക് പതിനഞ്ചാം ഓവറിന് ശേഷം ക്രീസിലെത്തുന്നതാണ് ഉചിതമെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ആദ്യ രണ്ട് മത്സരത്തിലും പരാജയപെട്ടതിനാൽ നാളെ നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്.