Skip to content

തകർപ്പൻ സെഞ്ചുറിയുമായി ജോണി ബെയർസ്റ്റോ, രണ്ടാം ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആവേശവിജയം കുറിച്ച് ആതിഥേയരായ ഇംഗ്ലണ്ട്. രണ്ടാം ഇന്നിങ്സിൽ 299 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നാണ് തകർപ്പൻ വിജയം ഇംഗ്ലണ്ട് നേടിയത്. 77 പന്തിൽ സെഞ്ചുറി നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. 299 റൺസിൻ്റെ വിജയലക്ഷ്യം അവസാന ദിനത്തിലെ അവസാന സെഷനിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്.

( Picture Source : Twitter )

വെറും 77 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയ ജോണി ബെയർസ്റ്റോ 92 പന്തിൽ 14 ഫോറും 7 സിക്സുമടക്കം 136 റൺസ് നേടിയാണ് പുറത്തായത്. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 70 പന്തിൽ 10 ഫോറും 4 സിക്സുമടക്കം 75 പുറത്താകാതെ നിന്നപ്പോൾ ഓപ്പണർ അലക്സ് ലീസ് 43 റൺസ് നേടി പുറത്തായി.

( Picture Source : Twitter )

നേരത്തെ രണ്ടാം ഇന്നിങ്സിൽ 284 റൺസ് നേടിയാണ് ന്യൂസിലൻഡ് പുറത്തായത്. 62 റൺസ് നേടിയ ഡാരൽ മിച്ചൽ, 56 റൺസ് നേടിയ വിൽ യങ്, 52 റൺസ് നേടിയ കോൺവെ എന്നിവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ് മൂന്ന് വിക്കറ്റും ജയിംസ് ആൻഡേഴ്സൺ, മാറ്റി പോട്സ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ആദ്യ ഇന്നിങ്സിൽ 190 റൺസ് നേടിയ ഡാരൽ മിചലിൻ്റെയും 106 റൺസ് നേടിയ ടോം ബ്ലൻഡലിൻ്റെയും മികവിൽ 553 റൺസെന്ന കൂറ്റൻ സ്കോർ നേടിയിരുന്നു. മറുപടിയായി 176 റൺസ് നേടിയ ജോ റൂട്ടിൻ്റെയും 145 റൺസ് നേടിയ ഒല്ലി പോപ്പിൻ്റെയും മികവിൽ ആദ്യ ഇന്നിങ്സിൽ 539 റൺസ് ഇംഗ്ലണ്ട് നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 2-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി. ജൂൺ 23 ന് ലീഡ്സിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

( Picture Source : Twitter )