Skip to content

ആ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിൽ സച്ചിനെയും സെവാഗിനെയും ഞാൻ പുറത്താക്കിയേനെ, 2011 ലോകകപ്പ് സെമിഫൈനലിനെ കുറിച്ച് ഷോയിബ് അക്തർ

2011 ഏകദിന ലോകകപ്പ് സെമിഫൈനലിൽ തന്നെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്തിയിരുന്നെങ്കിൽ സച്ചിൻ ടെണ്ടുൽക്കറെയും വീരേന്ദർ സെവാഗിനെയും താൻ പുറത്താക്കിയേനെയെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ഇന്ത്യ 29 റൺസിൻ്റെ ആവേശവിജയം കുറിച്ച മത്സരത്തിൽ അക്തർ കളിച്ചിരുന്നില്ല. ഇന്ത്യ വിജയത്തിൽ താൻ നിരാശനായെന്നും താൻ കളിച്ചെങ്കിൽ ആദ്യ പത്തോവറിൽ മത്സരം പാകിസ്ഥാൻ്റെ വരുതിയിലാക്കിയേനെയെന്നും അക്തർ പറഞ്ഞു.

” മൊഹാലിയിലെ ഓർമകൾ ഇപ്പോഴും എന്നെ വേട്ടയാടുന്നുണ്ട്. 2011 ലോകകപ്പ് സെമി ഫൈനൽ, അവർ ആ മത്സരത്തിൽ എന്നെ കളിക്കാൻ അനുവദിക്കണമായിരുന്നു. ടീം മാനേജ്മെൻ്റ് എന്നോട് ചെയ്തത് വലിയ അനീതിയാണ്. രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത് എന്നെനിക്ക് അറിയാമായിരുന്നു. വാങ്കഡെയിൽ പാകിസ്ഥാൻ പതാക ഉയർത്തിപിടിച്ച് ഫൈനൽ കളിക്കുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ”

” ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. മുഴുവൻ രാജ്യവും മാധ്യമങ്ങളും അവരെ ഉറ്റുനോക്കുകയായിരുന്നു. അതിനർത്ഥം ഞങ്ങൾ അണ്ടർഡോഗുകളായിരുന്നുവെന്നതാണ്. അതുകൊണ്ട് തന്നെ ആ സമ്മർദ്ദം ഞങ്ങൾ മുതലെടുക്കേണ്ടതായിരുന്നു. ” അക്തർ പറഞ്ഞു.

” ഞാൻ അൺഫിറ്റാണെന്ന് അവർ പറഞ്ഞു. പക്ഷേ പരിശീലനത്തിനിടെ എട്ട് ഓവറുകൾ ഞാൻ എറിഞ്ഞിരുന്നു. ആ മത്സരം ഞാൻ കളിച്ചിരുന്നുവെങ്കിൽ എന്തുതന്നെ സംഭവിച്ചാലും സച്ചിനെയും സെവാഗിനെയും ഞാൻ പുറത്താക്കിയേനെ. അവരെ നേരത്തേ പുറത്താക്കിയെങ്കിൽ ഇന്ത്യ തകർന്നേനെ. മത്സരത്തിലെ തോൽവി എന്നെ വേദനിപ്പിച്ചു. ഞാൻ കരയുന്ന ആളല്ല. പക്ഷേ ഡ്രസിങ് റൂമിൽ കുറെയേറെ സാധനങ്ങൾ ഞാൻ എറിഞ്ഞുടച്ചു. കാരണം ഞാൻ ദുഃഖിതനും നിരാശനും രോഷാകുലനുമായിരുന്നു. ഞാൻ മാത്രമല്ല എൻ്റെ രാജ്യം മുഴുവനും. ആ ആദ്യ പത്തോവറുകളാണ് പ്രധാനമെന്ന് എനിക്കറിയാമായിരുന്നു. ” അക്തർ കൂട്ടിച്ചേർത്തു.

ഇന്ത്യ 29 റൺസിൻ്റെ വിജയം നേടി ഫൈനലിൽ പ്രവേശിച്ച മത്സരത്തിൽ 85 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറും 25 പന്തിൽ 38 റൺസ് നേടിയ വീരേന്ദർ സെവാഗുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 261 റൺസിൻ്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാന് 231 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. സച്ചിൻ ടെണ്ടുൽക്കറായിരുന്നു പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നേടിയത്.