Skip to content

നിയമം അറിയില്ലേ, വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ച് ബാബർ അസം, 5 റൺസ് പെനാൽറ്റി വിധിച്ച് അമ്പയർ

പാകിസ്ഥാനും വെസ്റ്റിൻഡീസും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ വിചിത്രമായ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ച് ക്രിക്കറ്റ് ലോകം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഇന്നിങ്സിനിടെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ധരിച്ചുകൊണ്ട് പന്ത് പിടിച്ചിതാണ് ഏവരെയും ഞെട്ടിച്ചത്.

മത്സരത്തിലെ 28 ആം ഓവറിലാണ് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ ഗ്ലൗസുകളിൽ ഒരെണ്ണം ധരിച്ചുകൊണ്ട് ബാബർ അസം പന്ത് പിടിക്കുന്നത് ദൃശ്യങ്ങളിൽ തെളിഞ്ഞത്. വിചിത്രമായ ഈ സംഭവം അമ്പയർമാർ നിയമ വിരുദ്ധ ഫീൽഡിങായി കണക്കാക്കുകയും വെസ്റ്റിൻഡീസിന് അഞ്ച് റൺസ് പെനാൽറ്റിയായി നൽകുകയും ചെയ്തു.

ക്രിക്കറ്റ് നിയമപ്രകാരം വിക്കറ്റ് കീപ്പർ ഒഴികെയുള്ള ഒരു ഫീൽഡറെയും ഗ്ലൗസോ ബാഹ്യ ലെഗ് ഗാർഡുകളോ ധരിക്കാൻ അനുവദിക്കില്ല. കൂടാതെ ഒരു ഫീൽഡർ നിയമവിരുദ്ധമായി ഫീൽഡ് ചെയ്താൽ ബാറ്റ് ചെയ്യുന്ന ടീമിന് അഞ്ച് റൺസ് നൽകണമെന്നും നിയമത്തിൽ പറയുന്നു.

മത്സരത്തിലാകട്ടെ 120 റൺസിൻ്റെ തകർപ്പൻ വിജയമാണ് പാകിസ്ഥാൻ നേടിയത്. പാകിസ്ഥാൻ ഉയർത്തിയ 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 32.2 ഓവറിൽ 155 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. പത്തോവറിൽ 19 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് നവാസും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് വാസിമുമാണ് വെസ്റ്റിൻഡീസിനെ തകർത്തത്.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 72 പന്തിൽ 72 റൺസ് നേടിയ ഇമാം ഉൾ ഹഖിൻ്റെയും 77 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 2-0 ന് പാകിസ്ഥാൻ സ്വന്തമാക്കി.

( Picture Source : Twitter )