Skip to content

തകർപ്പൻ ഫിഫ്റ്റിയുമായി ക്യാപ്റ്റൻ ശനക, അവസാന ഓവറിൽ ആവേശവിജയം കുറിച്ച് ശ്രീലങ്ക

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് നാല് വിക്കറ്റിൻ്റെ ആവേശവിജയം. ക്യാപ്റ്റൻ ശനകയുടെ ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം ശ്രീലങ്ക കുറിച്ചത്. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ശ്രീലങ്ക വൈറ്റ് വാഷ് ഒഴിവാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു.

ഒരു ഘട്ടത്തിൽ 108 റൺസിന് 6 വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ശ്രീലങ്ക മത്സരം തിരിച്ചുപിടിച്ചത്. 25 പന്തിൽ നിന്നും 5 ഫോറും 4 സിക്സുമടക്കം പുറത്താകാതെ 54 റൺസ് നേടിയ ക്യാപ്റ്റൻ ദസുൻ ശനകയാണ് ഓസ്ട്രേലിയൻ ബൗളിങ് നിരയെ വിറപ്പിച്ചുകൊണ്ട് ശ്രീലങ്കയ്ക്ക് ആവേശവിജയം സമ്മാനിച്ചത്. 59 റൺസാണ് അവസാന മൂന്നോവറിൽ ശനകയും 10 പന്തിൽ നിന്നും 14 റൺസ് നേടിയ കരുണരത്നെയും ചേർന്ന് അടിച്ചുകൂട്ടിയത്.

( Picture Source : Twitter )

ഓസ്ട്രേലിയക്ക് വേണ്ടി മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഹേസൽവുഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 23 പന്തിൽ 38 റൺസ് നേടിയ സ്റ്റോയിനിസ്, 27 പന്തിൽ 37 റൺസ് നേടിയ സ്റ്റീവ് സ്മിത്ത്, 20 പന്തിൽ 29 റൺസ് നേടിയ ആരോൺ ഫിഞ്ച്, 39 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ, ഹസരങ്ക, ജയവിക്രമ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ആദ്യ മത്സരത്തിൽ 10 വിക്കറ്റിനും രണ്ടാം മത്സരത്തിൽ 3 വിക്കറ്റിനും ജയിച്ച ഓസ്ട്രേലിയ പരമ്പര ഇതിനോടകം സ്വന്തമാക്കിയിരുന്നു. ജൂൺ 14 നാണ് അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

( Picture Source : Twitter )