Skip to content

സച്ചിനെ എറിഞ്ഞുവീഴ്ത്താൻ ആ മത്സരത്തിൽ ഞാൻ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി ഷോയിബ് അക്തർ

2006 ൽ നടന്ന കറാച്ചി ടെസ്റ്റിനിടെ സച്ചിൻ ടെണ്ടുൽക്കറെ പരിക്കേൽപ്പിക്കാൻ താൻ മനപൂർവ്വം ശ്രമിച്ചിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. ക്യാപ്റ്റനായിരുന്ന ഇൻസമാം ഉൾ ഹഖിൻ്റെ വാക്കുകൾ പോലും താൻ വകവെച്ചില്ലയെന്നും സച്ചിനെ എറിഞ്ഞുവീഴ്ത്തി പരിക്കേൽപ്പിക്കുകയായിരുന്നു തൻ്റെ ലക്ഷ്യമെന്നും അക്തർ പറഞ്ഞു.

” ഇത് ഞാൻ ആദ്യമായാണ് വെളിപെടുത്തുന്നത്. ആ ടെസ്റ്റ് മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ മനപൂർവ്വം ശ്രമിച്ചിരുന്നു. എന്ത് വില കൊടുത്തും സച്ചിനെ പരിക്കേൽപ്പിക്കണമെന്ന് ഞാൻ തീരുമാനിച്ചു. ”

” വിക്കറ്റിന് മുന്നിലായി പന്തെറിയാൻ ഇൻസമാം എന്നോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ എനിക്ക് സച്ചിനെ എറിഞ്ഞുവീഴ്ത്തണമായിരുന്നു. അങ്ങനെ ഒടുവിൽ ഞാൻ അവൻ്റെ ഹെൽമെറ്റിൽ കൊള്ളിച്ചു. അവൻ തീർന്നുവെന്ന് ഞാൻ കരുതി. എന്നാൽ പിന്നീട് വിഡിയോ കണ്ടപ്പോൾ സച്ചിൻ തൻ്റെ തലയെ സംരക്ഷിച്ചത് ഞാൻ കണ്ടു. ” അക്തർ പറഞ്ഞു.

” സച്ചിനെ വീണ്ടും പരിക്കേൽപ്പിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ മറുഭാഗത്ത് ഇന്ത്യൻ ബാറ്റിങ് നിര ആസിഫിൻ്റെ രൂപത്തിൽ സംഗീതത്തെ അഭിമുഖീകരിക്കുകയായിരുന്നു. ആ ദിവസം ആസിഫ് ബൗൾ ചെയ്ത അതേ മികവിൽ മറ്റാരും പന്തെറിയുന്നത് ഞാൻ കണ്ടിട്ടില്ല. ” അക്തർ കൂട്ടിച്ചേർത്തു.

ഇന്ത്യ 341 റൺസിൻ്റെ പരാജയം ഏറ്റുവാങ്ങിയ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 23 റൺസും രണ്ടാം ഇന്നിങ്സിൽ 26 റൺസും നേടിയാണ് സച്ചിൻ ടെണ്ടുൽക്കർ പുറത്തായത്. ഇതേ മത്സരത്തിലാണ് ഇർഫാൻ പത്താൻ സൽമാൻ ബട്ട്, യൂനിസ് ഖാൻ, മൊഹമ്മദ് യൂസഫ് എന്നിവരെ പുറത്താക്കി ഹാട്രിക് നേടിയത്. ആദ്യ ഇന്നിങ്സിൽ 45 റൺസും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയ യുവരാജ് മാത്രമാണ് ആ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്.