Skip to content

2019 ലോകകപ്പ് ഫൈനലിലെ സമാന രംഗത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ലോർഡ്സ്, വീഡിയോ കാണാം

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച 2019 ഏകദിന ലോകകപ്പ് ഫൈനലിലെ സമാനമായ രംഗത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം. ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റിലെ മൂന്നാം ദിനത്തിലാണ് സംഭവം അരങ്ങേറിയത്.

2019 ൽ ഇതേ വേദിയിൽ വെച്ചുനടന്ന ഫൈനൽ പോരാട്ടത്തിലെ അവസാന ഓവറിൽ നാടകീയ സംഭവങ്ങൾക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരുന്നു. അവസാന ഓവറിലെ അവസാന മൂന്ന് പന്തിൽ 9 റൺസ് വേണമെന്നിരിക്കെ ബോൾട്ട് എറിഞ്ഞ നാലാം പന്തിൽ സ്റ്റോക്സ് ബൗണ്ടറിയ്ക്ക് ശ്രമിക്കുകയും എന്നാൽ പന്ത് കൈപിടിയിലൊതുക്കുകയും വിക്കറ്റ് കീപ്പറിനായി ത്രോ ചെയ്യുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ ഡബിൾ പൂർത്തിയാക്കികൊണ്ടിരുന്ന സ്റ്റോക്സ് റണ്ണൗട്ട് ഒഴിവാക്കാനായി ഡൈവ് ചെയ്യുന്നതിനിടെ പന്ത് ബാറ്റിൽ കൊള്ളുകയും ബൗണ്ടറിയാവുകയും നിയമപ്രകാരം അമ്പയർമാർ 6 റൺസ് ഇംഗ്ലണ്ടിന് നൽകുകയും ചെയ്തു.

( Picture Source : Twitter )

ലോർഡ്സിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനത്തിലാണ് സമാനമായ സംഭവം അരങ്ങേറിയത്. ബോൾട്ട് തന്നെ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ജോ റൂട്ട് മിഡിൽ ഓഫിലേക്ക് പായിച്ചുവെങ്കിലും ഫീൽഡർ പന്ത് കൈപിടിയിലൊതുക്കി. അതിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന സ്റ്റോക്സ് സിംഗിളിന് ശ്രമിച്ചുവെങ്കിലും അപകടം മനസ്സിലാക്കി ജോ റൂട്ട് തിരികെയയച്ചു. റൺ ഔട്ടാക്കുവാൻ ഫീൽഡർ ത്രോ ചെയ്തെങ്കിലും പന്ത് സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി വൈഡ് മിഡ് ഓഫിലേക്ക് പോവുകയും ചെയ്തു.

ഈ സംഭവം കമൻ്റേറ്റർമാരെ മാത്രമല്ല സ്റ്റോക്സിനെയും റൂട്ടിനെയും ഒപ്പം ന്യൂസിലൻഡ് താരങ്ങളെയും 2019 ലെ ഓർമകളിലേക്ക് കൊണ്ടുപോയി. ചിരിച്ചുകൊണ്ട് 2019 ലെ പോലെ സ്റ്റോക്സും റൂട്ടും കൈ പൊക്കുകയും ചെയ്തു.

വീഡിയോ :

മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. 277 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയിട്ടുണ്ട്. 5 വിക്കറ്റും രണ്ട് ദിനവും ശേഷിക്കെ 61 റൺസാണ് ഇനി ഇംഗ്ലണ്ടിന് വിജയിക്കുവാൻ വേണ്ടത്. 77 റൺസ് നേടിയ ജോ റൂട്ടും 9 റൺസ് നേടിയ ബെൻ ഫോക്സുമാണ് ക്രീസിലുള്ളത്.

( Picture Source : Twitter )