Skip to content

സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ച് ജോ റൂട്ട്, സ്റ്റോക്സിന് കീഴിൽ ഇംഗ്ലണ്ടിന് വിജയതുടക്കം

ജോ റൂട്ടിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലൻഡിനെതിരായ ലോർഡ്സ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 5 വിക്കറ്റിൻ്റെ വിജയം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 277 റൺസിൻ്റെ വിജയലക്ഷ്യം സെഞ്ചുറി നേടി പുറത്താകാതെ നിന്ന മുൻ ക്യാപ്റ്റൻ റൂട്ടിൻ്റെ മികവിൽ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

( Picture Source : Twitter )

ടെസ്റ്റ് കരിയറിലെ തൻ്റെ 26 ആം സെഞ്ചുറി നേടിയ ജോ റൂട്ട് 170 പന്തിൽ 110 റൺസ് നേടി പുറത്താകാതെ നിന്നു. 92 പന്തിൽ 32 റൺസ് നേടിയ ബെൻ ഫോക്സ് റൂട്ടിന് മികച്ച പിന്തുണ നൽകി. 120 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ഇരുവർക്കുമൊപ്പം 110 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇംഗ്ലണ്ടിന് വേണ്ടി മികവ് പുലർത്തി. ഒരു ഘട്ടത്തിൽ 69 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഇംഗ്ലണ്ട് മത്സരത്തിൽ തിരിച്ചെത്തിയത്.

( Picture Source : Twitter )

ന്യൂസിലൻഡിന് വേണ്ടി കെയ്ൽ ജാമിൻസൻ 79 റൺസ് വഴങ്ങി നാല് വിക്കറ്റും ട്രെൻഡ് ബോൾട്ട് ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ 9 റൺസിൻ്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡ് 108 റൺസ് നേടിയ ഡാരൽ മിച്ചലിൻ്റെയും 96 റൺസ് നേടിയ ടോം ബ്ലൻഡലിൻ്റെയും മികവിലാണ് 285 റൺസ് നേടി 277 റൺസിൻ്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുൻപിൽ ഉയർത്തിയത്.

ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, അരങ്ങേറ്റക്കാരൻ മാത്യൂ പോട്ട്‌സ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും ജെയിംസ് ആൻഡേഴ്സൺ രണ്ട് വിക്കറ്റും നേടി.

മത്സരത്തിലെ വിജയത്തോടെ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുൻപിലെത്തി. ജൂൺ 10 ന് ട്രെൻഡ്ബ്രിഡ്ജിലാണ് പരമ്പരയിലെ രണ്ടാം മത്സരം.

( Picture Source : Twitter )