Skip to content

വേഗത മാത്രം പോരാ, ഉമ്രാൻ മാലിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി ഷഹീൻ അഫ്രീദി

ഈ ഐ പി എൽ സീസൺ ഇന്ത്യൻ ക്രിക്കറ്റിന് സമ്മാനിച്ച പുത്തൻ താരോദയമാണ് സൺറൈസേഴ്സ് ഹൈദരബാദ് പേസർ ഉമ്രാൻ മാലിക്ക്. തൻ്റെ വേഗത കൊണ്ട് ഏവരെയും ഞെട്ടിച്ച ഉമ്രാൻ സീസണിലെ മികച്ച പ്രകടനത്തോടെ ഇന്ത്യൻ ടീമിലും ഇടം നേടിയിരുന്നു. ഇന്ത്യൻ ആരാധകരുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ സീസണിലെ പ്രകടനത്തോടെ ഉമ്രാൻ മാലിക്ക് പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ പേസറുടെ വേഗതയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് പാക് പേസർ ഷഹീൻ അഫ്രീദി.

വെസ്റ്റിഡീൻസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഉമ്രാൻ മാലിക്കിൻ്റെ വേഗതയെ കുറിച്ചുള്ള ചോദ്യം ഷഹീൻ അഫ്രീദിയ്ക്ക് മുന്നിലെത്തിയത്. റിപ്പോർട്ടുകൾ പ്രകാരം താരത്തിൻ്റെ മറുപടി ഇപ്രകാരമായിരുന്നു.

” ലെങ്തും സ്വിങും ഇല്ലെങ്കിൽ വേഗത നിങ്ങളെ സഹായിക്കില്ല. ” ചോദ്യത്തിന് മറുപടിയായി ഷഹീൻ അഫ്രീദി പറഞ്ഞു.

പാകിസ്ഥാന് വേണ്ടി തകർപ്പൻ പ്രകടനമാണ് മൂന്ന് ഫോർമാറ്റിലും ഷഹീൻ അഫ്രീദി കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനത്തിൻ്റെ മികവിൽ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം താരം നേടിയിരുന്നു.

സീസണിൽ 14 മത്സരങ്ങളിൽ നിന്നും 22 വിക്കറ്റ് ഉമ്രാൻ മാലിക്ക് നേടിയിരുന്നു. സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ നാലാമത്തെ ബൗളറും ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ ഫാസ്റ്റ് ബൗളറുമാണ് ഉമ്രാൻ മാലിക്ക്. മികച്ച പ്രകടനത്തോടെ സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ഉമ്രാൻ മാലിക്ക് ഇടം നേടിയിരുന്നു.