Skip to content

എൻ്റെ വീട്ടിൽ പണം കായ്ക്കുന്ന മരമില്ല, എം പി ആയിരുന്നിട്ടും ഐ പി എല്ലിൽ ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഗൗതം ഗംഭീർ

ലോക്സഭാ എം പി ആയിരുന്നിട്ടും ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനായി ജോലി ചെയ്യുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. എം പി ആയിരുന്നിട്ടും മറ്റൊരു ജോലിയിൽ ഏർപ്പെടുന്നതിനെതിൻ്റെ പേരിൽ വിമർശനങ്ങൾ ഗംഭീർ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം.

” 5000 പേർക്ക് ദിവസവും ഭക്ഷണം നൽകാനായി ഓരോ മാസവും 25 ലക്ഷം രൂപ വീതം ചിലവഴിക്കുന്നുണ്ട്. അതുകൊണ്ടാണ് ഐ പി എല്ലിൽ കമൻ്റേറ്ററായും മറ്റും ജോലി ചെയ്യുന്നത്. ഓരോ വർഷവും 2.75 കോടി രൂപ ഞാൻ അതിനായി മാറ്റി വെയ്ക്കേണ്ടതുണ്ട്. ഒരു ലൈബ്രറി നിർമിക്കാൻ 25 ലക്ഷം രൂപ ഞാൻ ചിലവഴിച്ചു. ” വാർത്താസമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.

” ഈ പണമെല്ലാം ഞാൻ ചിലവഴിക്കുന്നത് സ്വന്തം പോക്കറ്റിൽ നിന്നാണ്. എം പി ഫണ്ടിൽ നിന്നല്ല. എം പി ഫണ്ട് ഞാൻ നടത്തുന്ന കിച്ചൻ അല്ലെങ്കിൽ മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ ചിലവഴിക്കാനാകില്ല. പണം പറിച്ചെടുക്കാൻ കഴിയുന്ന മരമൊന്നും എൻ്റെ വീട്ടിൽ ഇല്ല. ”

” ഞാൻ ജോലി ചെയ്യുന്നത് കൊണ്ട് മാത്രമാണ് എനിക്ക് ആ 5000 പേർക്ക് ഭക്ഷണം സ്ഥാപിക്കാനോ ലൈബ്രറി പണിയാനോ കഴിയുന്നത്. ഐ പി എല്ലിൽ ജോലി ചെയ്യുന്നുവെന്ന് പറയാൻ എനിക്ക് യാതൊരു നാണവുമില്ല. കാരണം ചെയ്യുന്നതിന് ആത്യന്തിക ലക്ഷ്യമുണ്ട്. ” ഗംഭീർ കൂട്ടിചേർത്തു.

ഗൗതം ഗംഭീറിന് കീഴിൽ ഐ പി എൽ പ്ലേയോഫിൽ പ്രവേശിക്കാൻ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് സാധിച്ചിരുന്നു. എന്നാൽ എലിമിനേറ്ററിൽ ആർ സീ ബിയോട് തോറ്റ് ടീം പുറത്തായിരുന്നു.